തുറമുഖം വഴി സ്വര്‍ണം കടത്തിയ കേസ്: രണ്ടു പേര്‍ക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു

കൊച്ചി: വല്ലാര്‍പാടം കണ്ടെയ്‌നര്‍ തുറമുഖം വഴി ഇറക്കുമതി ചെയ്ത വിദേശനിര്‍മിത മിനി കൂപ്പര്‍ കാറിന്റെ ഇന്ധനടാങ്കില്‍ ഏഴുകിലോഗ്രാം സ്വര്‍ണം കടത്തിയ കേസില്‍ മുഖ്യപ്രതിയായ ദുബയിലെ കംപ്യൂട്ടര്‍ സ്ഥാപന ഉടമ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ഷബീര്‍ അലി, ഇയാളുടെ സഹായി നീലേശ്വരം സ്വദേശി സിയാദ് എന്നിവര്‍ ഹാജരാവണമെന്ന് നിര്‍ദേശിച്ച് കസ്റ്റംസ് സമന്‍സ് അയച്ചു.
ഇന്ന് കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ഇരുവര്‍ക്കും സമന്‍സ് അയച്ചിരിക്കുന്നത്. എന്നാല്‍, ദുബയിലുള്ള ഇരുവരും ഇതുവരെ എത്തിയിട്ടില്ലെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇരുവരെയും ചോദ്യം ചെയ്താല്‍ മാത്രമേ അന്വേഷണം മുന്നോട്ടു പോവൂവെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്ന് ഹാജരാകുന്നില്ലെങ്കില്‍ ഇവര്‍ക്ക് ഒരുവട്ടംകൂടി സമന്‍സ് അയക്കാനാണ് തീരുമാനം. ദുബയില്‍നിന്ന് കണ്ടെയ്‌നറില്‍ എത്തിച്ച മിനി കൂപ്പര്‍ വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ ഏറ്റുവാങ്ങാനെത്തിയ മംഗലാപുരം പുത്തൂര്‍ സ്വദേശി മുഹമ്മദ് മൊയ്തീന്‍ കുഞ്ഞിനെ (44) കസ്റ്റംസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്.
ഷബീര്‍ അലിയുടെ സ്ഥാപനത്തിലെ ജീവനക്കാരനാണ് മൊയ്തീന്‍കുഞ്ഞ്. മുഹമ്മദിന്റെ പേരില്‍ കാര്‍ അയച്ചത് ഷബീര്‍ അലിയുടെ കടയില്‍ മാനേജരായ സിയാദാണ്. ഇതിനുമുമ്പും ഇവര്‍ ഇത്തരത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടോ എന്നാണ് കസ്റ്റംസ് പ്രധാനമായും അന്വേഷിക്കുന്നത്. ദുബയ് രജിസ്‌ട്രേഷനിലുള്ള 25 ലക്ഷം രൂപ വിലവരുന്ന 2013 മോഡല്‍ മിനി കൂപ്പര്‍ കാറിന്റെ ഇന്ധനടാങ്കില്‍ ഒളിപ്പിച്ചു കടത്തിയ സ്വര്‍ണം കൊച്ചി കസ്റ്റംസിന്റെ സ്‌പെഷ്യല്‍ ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച് (എസ്‌ഐഐബി) കഴിഞ്ഞ മാസം 12നാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it