തുര്‍ക്കി സ്‌ഫോടനം; സുരക്ഷാ മേധാവികള്‍ക്ക് സസ്‌പെന്‍ഷന്‍

അങ്കറ: ശനിയാഴ്ച നൂറോളം പേരുടെ മരണത്തിനിടയാക്കിയ  സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ അങ്കറയിലെ പോലിസ്, രഹസ്യാന്വേഷണ മേധാവികളെ സസ്‌പെന്‍ഡ് ചെയ്തു. നടപടി അന്വേഷണത്തെ ത്വരിതപ്പെടുത്തുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തുര്‍ക്കി സൈന്യവും നിരോധിത സംഘടനയായ പികെകെ (കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി)യും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്ന സമാധാന റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ഫിന്‍ലന്‍ഡ് പ്രധാനമന്ത്രി സൗലി നിനസ്തയോടൊപ്പം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സ്‌ഫോടനസ്ഥലം സന്ദര്‍ശിച്ചു.

ഇവിടെ രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെട്ടതായി ഉര്‍ദുഗാന്‍ സമ്മതിച്ചു. ആധുനിക തുര്‍ക്കിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് ശനിയാഴ്ച ഉണ്ടായത്. സംഭവത്തില്‍ സര്‍ക്കാരിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധമുയര്‍ന്നിരുന്നു. സ്‌ഫോടനവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. സ്‌ഫോടനത്തിനു പിന്നില്‍ ഐഎസിനും കുര്‍ദ് അനുകൂല സംഘടനയായ പികെകെയ്ക്കും പങ്കുണ്ടെന്നു തുര്‍ക്കി പ്രധാനമന്ത്രി ആരോപിച്ചു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ രണ്ടു പേരാണ് ആക്രമണം നടത്തിയതെന്നു അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it