Gulf

തുര്‍ക്കി സൈനികര്‍ ഖത്തറില്‍

തുര്‍ക്കി സൈനികര്‍ ഖത്തറില്‍
X
Two_Turkish_soldier
ദോഹ: ഖത്തറില്‍ സ്ഥാപിക്കുന്ന തുര്‍ക്കി സൈനിക താവളത്തില്‍ സേവനമനുഷ്ഠിക്കുന്നതിന് തുര്‍ക്കി സൈനികര്‍ ഖത്തറിലെത്തിയതായി റോയിട്ടേഴ്‌സ് റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ഖത്തര്‍ സന്ദര്‍ശിച്ച വേളയിലാണ് ഇവിടെ സൈനിക താവളം സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഈയാഴ്ച ഖത്തര്‍ യൂനിവേഴ്‌സിറ്റിയില്‍ തുര്‍ക്കി പ്രധാനമന്ത്രി ഡോ. അഹ്മദ് ദാവൂദ് ഒഗ്‌ലു നടത്തിയ പ്രഭാഷണത്തില്‍ ഖത്തറിലെ തുര്‍ക്കി ഓഫിസര്‍മാരുമായി താന്‍ കൂടിക്കാഴ്ച്ച നടത്തിയതായി പറഞ്ഞിരുന്നു. തുര്‍ക്കി ഒരു വിദേശ രാജ്യത്ത് ആദ്യമായി [related]നടത്തുന്ന സൈനിക വിന്യാസം എന്തെങ്കിലും പ്രത്യേക ഓപറേഷനു വേണ്ടിയുള്ളതല്ലെന്നും സുസ്ഥിരത ലക്ഷ്യമിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ സുരക്ഷയും സുസ്ഥിരതയും തുര്‍ക്കിയുടെയും കൂടിയും സുരക്ഷയും സുസ്ഥിരതയുമാണ്. ഇരു രാജ്യങ്ങളും ഒരേ ഭീഷണിയെയാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. എത്ര സൈനികരുണ്ടെന്ന് പിന്നീട് വ്യക്തമാക്കുമെന്ന് ദാവൂദ് ഒഗ്‌ലു അറിയിച്ചു. താവളം എവിടെയാണെന്നോ എത്ര വലുപ്പമുണ്ടെന്നോ വ്യക്തമാക്കാനും തുര്‍ക്കി പ്രധാനമന്ത്രി തയ്യാറായില്ല. 3000 കര സൈനികരും വ്യോമ, നാവിക യൂണിറ്റുകളും ഖത്തറിലെ താവളത്തിലുണ്ടാവുമെന്ന് ഡിസംബറില്‍ ഖത്തറിലെ തുര്‍ക്കി അംബാസഡര്‍ അഹ്മത് ദമിറോക് പറഞ്ഞിരുന്നു.
2014ല്‍ ഇരു രാജ്യങ്ങളും ഉണ്ടാക്കിയ കരാറിന്റെ ഭാഗമാണ് സൈനിക താവളം. ജൂണില്‍ ഇതിന് തുര്‍ക്കി പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. മേഖലയില്‍ അസ്ഥിരത വര്‍ധിക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കിയും ഖത്തറും തമ്മിലുള്ള സൈനിക സഹകരണം ശക്തമാക്കുന്നത്.
എന്നാല്‍, സൈനികരെ പുതിയ താവളത്തിലാണോ വിന്യസിച്ചിരിക്കുന്നതെന്ന് വ്യക്തമല്ല. ഖത്തറിലെ താവളം പൂര്‍ത്തിയാവാന്‍ രണ്ടു വര്‍ഷമെടുക്കുമെന്ന് കഴിഞ്ഞ വര്‍ഷം തുര്‍ക്കി പ്രതിരോധ മന്ത്രി അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it