World

തുര്‍ക്കി വിമാനത്താവളത്തില്‍ സ്‌ഫോടനം: 41 മരണം

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ ഇസ്താംബൂളിലെ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ വന്‍സ്‌ഫോടനം. സ്‌ഫോടനത്തില്‍ 41 പേര്‍ മരിക്കുകയും 239 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 13 പേര്‍ വിദേശികളാണെന്ന് നഗരത്തിലെ ഗവര്‍ണര്‍ അറിയിച്ചു.
ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ടാക്‌സിയില്‍ വിമാനത്താവളത്തിലെത്തിയ മൂന്നു ബോംബുധാരികള്‍ പ്രവേശന കവാടത്തില്‍ വച്ച് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ടു പേര്‍ കെട്ടിടത്തിലേക്ക് ഓടിക്കയറുകയും സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.
ആക്രമണത്തിനു പിന്നില്‍ ഐഎസ് ആണെന്നാണ് പ്രാഥമിക നിഗമനമെന്ന് പ്രധാനമന്ത്രി ബിനാലി യില്‍ദിരിം അറിയിച്ചു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ആക്രമണത്തെത്തുടര്‍ന്ന് തുര്‍ക്കിയില്‍ ഇന്നലെ ദേശീയ ദുഃഖാചരണം നടത്തി. സിസിടിവി ദൃശ്യങ്ങളും ദൃക്‌സാക്ഷികളുടെ മൊഴിയും മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും അന്വേഷണോദ്യോഗസ്ഥര്‍ പരിശോധിച്ചു വരുകയാണ്. പരിക്കേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 109 പേരെ വൈകീട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു. കൊല്ലപ്പെട്ടവരില്‍ 23 തുര്‍ക്കി പൗരന്‍മാരും അഞ്ചു സൗദികളും രണ്ട് ഇറാഖികളും ചൈന, ജോര്‍ദാന്‍, തുണീസ്യ, ഇറാന്‍, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് ഉള്ളത്. കൊല്ലപ്പെട്ടവരില്‍ ഒരു ഫലസ്തീനി വനിതയുമുണ്ടെന്ന് ഫലസ്തീന്‍ അംബാസഡര്‍ അറിയിച്ചു. ആക്രമണം തീവ്രവാദികള്‍ക്കും സായുധസംഘങ്ങള്‍ക്കുമെതിരായുള്ള ആഗോള പോരാട്ടത്തിന് ഒരു വഴിത്തിരിവായിരിക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പറഞ്ഞു. തുര്‍ക്കിയിലെ ഏറ്റവും വലിയ വിമാനത്താവളമാണ് അതാതുര്‍ക്ക്.
ലോകനേതാക്കള്‍ അനുശോചിച്ചു
അങ്കാറ: റമദാന്‍ മാസത്തില്‍ പോലും ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് തീവ്രവാദത്തിന് വിശ്വാസവും മൂല്യവും ഇല്ലെന്നതിന് തെളിവാണെന്ന് തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ അതാതുര്‍ക്ക് വിമാനത്താവളത്തിലെ ആക്രമണത്തില്‍ അനുശോചിച്ചു. തീവ്രവാദത്തിന്റെ ബുദ്ധിഹീനമായ പ്രവൃത്തിയെന്നാണ് പാക് വിദേശകാര്യമന്ത്രാലയം ആക്രമണത്തെ വിശേഷിപ്പിച്ചത്. അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമണം മാനുഷികവിരുദ്ധമാണെന്ന് അഭിപ്രായപ്പെട്ടു. ആസ്‌ത്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പും അനുശോചനം രേഖപ്പെടുത്തി. യുഎസും യുഎന്നും ജര്‍മനിയും തുര്‍ക്കിക്ക് എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തു.
Next Story

RELATED STORIES

Share it