തുര്‍ക്കി: രാജിക്കൊരുങ്ങി ദാവൂദൊഗ്‌ലു

അങ്കാറ: രാജിക്കൊരുങ്ങി തുര്‍ക്കി പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്‌ലു. പ്രധാനമന്ത്രിസ്ഥാനത്തേക്കും ഭരണകക്ഷി ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി(എകെപി)യുടെ നേതൃസ്ഥാനത്തേക്കും ഇനിയില്ലെന്നു ദാവൂദൊഗ്‌ലു അറിയിച്ചു. ഈ മാസം 22നു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വച്ച് രാജിയുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര നിര്‍വാഹക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനുമായുള്ള അഭിപ്രായഭിന്നതകള്‍ തുടരുന്നതിനിടെയാണ് ദാവൂദൊഗ്‌ലുവിന്റെ രാജി പ്രഖ്യാപനം.
90 മിനിറ്റ് നീണ്ട അടിയന്തര നിര്‍വാഹകസമിതി യോഗമാണ് ദാവൂദൊഗ്‌ലുവിന്റെ ഭാവി നിര്‍ണയിക്കുന്നതെന്നായിരുന്നു ടര്‍ക്കിഷ് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചത്. പുതിയ നേതൃത്വത്തിനായുള്ള തിരഞ്ഞെടുപ്പ് ഈ മാസം അവസാനത്തോടെയുണ്ടാവുമെന്ന് ദാവൂദൊഗ്‌ലു അറിയിച്ചു. താന്‍ പ്രധാനമന്ത്രിസ്ഥാനത്തിരുന്ന 20 മാസക്കാലം ചുമതലകള്‍ വീഴ്ച വരുത്താതെ പൂര്‍ത്തിയാക്കാന്‍ സാധിച്ചുവെന്നു പറഞ്ഞ അദ്ദേഹം സ്ഥാനമൊഴിഞ്ഞ ശേഷം സെന്‍ട്രല്‍ അന്തോളിയയിലെ കൊന്യയില്‍ നിന്നുള്ള പാര്‍ലമെന്ററി ഡെപ്യൂട്ടി എന്ന രീതിയിലുള്ള പ്രവര്‍ത്തനം തുടരുമെന്നും അറിയിച്ചു.
തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഒരു പാര്‍ട്ടി യോഗത്തെത്തുടര്‍ന്ന് ദാവൂദൊഗ്‌ലുവിന്റെ രാജി ആവശ്യപ്പെട്ടതായി അല്‍ജസീറ റിപോര്‍ട്ട് ചെയ്തിരുന്നു. അതേസമയം പ്രസിഡന്റിനെതിരേ ഒരു വാക്കുപോലും തന്റെ വായില്‍ നിന്ന് കേള്‍ക്കില്ലെന്ന് ദാവൂദൊഗ്‌ലു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വരും ദിവസങ്ങളില്‍ എന്തൊക്കെ തീരുമാനങ്ങള്‍ വന്നാലും ഈ സര്‍ക്കാരിന്റെ അവസാന ദിനം വരെ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ നിയന്ത്രണത്തില്‍ കൈകടത്തല്‍ നടത്തുന്നതിന് ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി ഐക്യത്തിനുവേണ്ടി ആഹ്വാനം ചെയ്യുന്നതായും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it