World

തുര്‍ക്കി പൊതുതിരഞ്ഞെടുപ്പ് എകെ പാര്‍ട്ടിക്ക് വിജയം

ഇസ്താംബൂള്‍: തുര്‍ക്കി പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ എകെ പാര്‍ട്ടിക്ക് നേട്ടം. ഒറ്റയ്ക്കു മന്ത്രിസഭ രൂപീകരിക്കാനുള്ള വോട്ടുകള്‍ പാര്‍ട്ടി നേടി. 50 ശതമാനം വോട്ടുകളാണ് എകെ പാര്‍ട്ടിക്കു ലഭിച്ചത്. മുഖ്യ എതിരാളിയായ സിഎച്ച്പിക്ക് 25 ശതമാനം വോട്ടുകളാണ് നേടാന്‍ സാധിച്ചത്. എംഎച്ച്പിക്ക് 12ശതമാനവും കുര്‍ദ് അനുകൂല വിമതപാര്‍ട്ടിയായ എച്ച്ഡിപിക്ക് 10 ശതമാനവും വോട്ടുകള്‍ വീതമാണു ലഭിച്ചത്.

10 ശതമാനം വോട്ടുകള്‍ ലഭിച്ചാല്‍ മാത്രമേ പാര്‍ലമെന്റില്‍ അംഗത്വം ലഭിക്കുകയുള്ളൂ. തുര്‍ക്കിയിലെ 26ാമത് പൊതുതിരഞ്ഞെടുപ്പിലാണ് ജനങ്ങള്‍ ഇന്നലെ വിധിയെഴുതിയത്. പാര്‍ലമെന്റില്‍ എകെപിക്ക് 317 സീറ്റുകളാണ് ലഭിച്ചിരിക്കുന്നത്. സിഎച്ച്പിക്ക് 132ഉം എംഎച്ച്പിക്ക് 42ഉം എച്ചഡിപിക്ക് 59ഉം സീറ്റുകള്‍ ലഭിച്ചു. വോട്ടെടുപ്പിനിടെ സംഘര്‍ഷങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. അഞ്ചു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് തുര്‍ക്കിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 175,000 കേന്ദ്രങ്ങളിലായി 540 ലക്ഷം ആളുകളാണ് വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തത്. രാവിലെ എട്ടിന് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് അഞ്ചോടെയാണ് അവസാനിച്ചത്. കിഴക്കന്‍ പ്രവിശ്യയിലെ 32 കേന്ദ്രങ്ങളില്‍ രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലുവരെയായിരുന്നു വോട്ടെടുപ്പ്. ജൂണില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിക്കും ഭൂരിപക്ഷം നേടാനായിരുന്നില്ല. കൂടുതല്‍ വോട്ടുകള്‍ നേടിയ 13 വര്‍ഷക്കാലമായി അധികാരത്തിലിരുന്ന ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിക്കോ മറ്റ് കക്ഷികള്‍ക്കോ കൂട്ടുമന്ത്രിസഭ രൂപീകരിക്കാനായില്ല. ഇതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. ജൂണിലെ തിരഞ്ഞെടുപ്പില്‍ 550 അംഗ പാര്‍ലമെന്റില്‍ 258 സീറ്റുകളാണ് എകെ പാര്‍ട്ടിക്ക് ലഭിച്ചത്.
Next Story

RELATED STORIES

Share it