World

തുര്‍ക്കി തലസ്ഥാനത്ത് ഇരട്ടസ്‌ഫോടനം: 86 മരണം

അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ റാലിക്കിടെയുണ്ടായ ഇരട്ടസ്‌ഫോടനത്തില്‍ 86 പേര്‍ മരിച്ചു. 186 പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടതുപക്ഷം സമാധാനപരമായി നടത്തിയ റാലിക്കിടെയാണ് സ്‌ഫോടനമുണ്ടായത്. ഇരട്ടസ്‌ഫോടനങ്ങളില്‍ ഒന്ന് ശരീരത്തില്‍ ബോംബ് കെട്ടിവച്ചെത്തിയ ആള്‍ നടത്തിയതാണെന്ന റിപോര്‍ട്ട് അന്വേഷിച്ചുവരുകയാണെന്നും സായുധസംഘമായിരിക്കാം ആക്രമണത്തിനു പിന്നിലെന്നും സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. ആഭ്യന്തരമന്ത്രാലയവും ആരോഗ്യമന്ത്രാലയവും വിവരം പ്രധാനമന്ത്രി അഹ്മദ് ദേവുതൊഗ്ലുവിന് കൈമാറിയിട്ടുണ്ട്.

വിമത കുര്‍ദിഷ് പാര്‍ട്ടിയായ എച്ച്.ഡി.പിയിലെ അംഗങ്ങളും റാലിയില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാരാണ് സ്‌ഫോടനത്തിനു പിന്നിലെന്ന് എച്ച്.ഡി.പി. നേതാവ് ആരോപിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചവരെ പോലിസ് ആക്രമിച്ചതായി പാര്‍ട്ടി ട്വിറ്ററില്‍ കുറിച്ചു. തിരഞ്ഞെടുപ്പ് റാലികളെല്ലാം പാര്‍ട്ടി റദ്ദാക്കിയിട്ടുണ്ട്. അതേസമയം രണ്ടുതവണ സ്‌ഫോടനശബ്ദം കേട്ടതായും രോഷാകുലരായ ജനങ്ങള്‍ പോലിസ് കാറുകള്‍ ആക്രമിക്കാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷി ബി.ബി.സിയോടു പറഞ്ഞു.

ജൂണ്‍ മാസത്തില്‍ ദിയാര്‍ബക്കിര്‍ നഗരത്തില്‍ നടന്ന എച്ച്.ഡി.പി. റാലിക്കു നേരെയും ആക്രമണം നടന്നിരുന്നു. ജൂണ്‍ മാസത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ കൂട്ടുമന്ത്രിസഭ രൂപീകരിക്കാനുള്ള ഭരണകക്ഷികളുടെ ശ്രമം പരാജയപ്പെട്ടതിനാല്‍ നവംബര്‍ ഒന്നിനു വീണ്ടും പൊതു തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it