തുര്‍ക്കിയില്‍ ദിനപത്രം സര്‍ക്കാര്‍ പിടിച്ചെടുത്തു

അങ്കറ: തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള ദേശീയ ദിനപത്രമായ സമാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കി. പത്രം സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്ന കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം പോലിസ് ഇസ്താംബൂളിലെ പത്രത്തിന്റെ ഓഫിസ് റെയ്ഡ് ചെയ്യുകയായിരുന്നു. ഓഫിസിനു പുറത്ത് പ്രതിഷേധമുയര്‍ത്തിയവര്‍ക്കുനേരെ പോലിസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.
യുഎസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മതപണ്ഡിതന്‍ ഫത്ഹുല്ലാ ഗുലന്റെ ഹിസ്‌മെത് പ്രസ്ഥാനവുമായി ബന്ധമുള്ള പത്രമാണ് സമാന്‍. ഹിസ്‌മെത് ഭീകരസംഘടനയാണെന്നും പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ സര്‍ക്കാറിനെ മറിച്ചിടാന്‍ ശ്രമിക്കുകയുമാണെന്നുമാണ് തുര്‍ക്കി സര്‍ക്കാര്‍ പറയുന്നത്.
ഒരു കാലത്ത് ഉറ്റമിത്രമായ ഗുലനുമായി ഉര്‍ദുഗാന്‍ പിന്നീട് തെറ്റിപ്പിരിയുകയായിരുന്നു. ഗുലന്റെ അനുയായികള്‍ രാജ്യത്ത് സജീവമാണ്. നിരവധി ഹിസ്‌മെത് അനുകൂലികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള തുര്‍ക്കി സര്‍ക്കാരിന്റെ അതിക്രമങ്ങള്‍ക്കെതിരേ അന്താരാഷ്ട്ര തലത്തില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്.
6,50,000ഓളം സര്‍ക്കുലേഷനുള്ള പത്രം ഇനി മുതല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. കൂടുതല്‍ വിശദീകരണങ്ങളൊന്നും കോടതി നല്‍കിയില്ല. കോടതി ഉത്തരവിനെത്തുടര്‍ന്ന് നൂറുകണക്കിന് സമാന്‍ അനുകൂലികള്‍ പത്രത്തിന്റെ ഓഫിസിനു പുറത്ത് പ്രതിഷേധപ്രകടനവുമായെത്തി.
'പത്രസ്വാതന്ത്ര്യത്തിനുവേണ്ടി ഞങ്ങള്‍ പൊരുതുക തന്നെ ചെയ്യും' എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ഡിജിറ്റല്‍ യുഗത്തില്‍ മാധ്യമങ്ങളെ നിശ്ശബ്ദരാക്കാമെന്ന് കരുതേണ്ടെന്ന് സമാന്‍ എഡിറ്റര്‍ ഇന്‍ ചീഫ് അബ്ദുല്‍ഹമീദ് ബിലിസി പ്രതികരിച്ചു. സിഹാന്‍ വാര്‍ത്താ ഏജന്‍സിയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിനെതിരേ ശബ്ദമുയര്‍ത്തുന്ന രാജ്യത്തെ പ്രധാന ദിനപത്രങ്ങളിലൊന്നാണ് സമാന്‍. മാധ്യമസ്വാത്രന്ത്യത്തിന്റെ കാര്യത്തില്‍ തുര്‍ക്കി കറുത്ത യുഗത്തിലൂടെയാണ് കടന്നുപോവുന്നതെന്ന് സമാന്‍ പത്രം മുമ്പ് പ്രസ്താവനയിറക്കിയിരുന്നു.
വെള്ളിയാഴ്ച വൈകീട്ടാണു സംഭവം. തുര്‍ക്കിയിലെ മാധ്യമസ്വാതന്ത്ര്യത്തിന് ഏറ്റവും മോശമായ ദിനമെന്ന തലക്കെട്ടോടെയാണ് പത്രം ഇന്നലെ പുറത്തിറങ്ങിയത്. പോലിസ് റെയ്ഡിനു മുമ്പാണ് ഇത് അച്ചടിച്ചത്. എന്നാല്‍, വൈകി അച്ചടിച്ച സമാന്‍ ദിനപത്രമിറങ്ങിയത് റെയ്ഡിനെക്കുറിച്ചുള്ള വാര്‍ത്തകളൊന്നുമില്ലാതെയാണ്.
Next Story

RELATED STORIES

Share it