തുര്‍ക്കിയില്‍ കാര്‍ബോംബ്  സ്‌ഫോടനം; ആറു മരണം

ഇസ്താംബൂള്‍: തെക്കുകിഴക്കന്‍ തുര്‍ക്കിയില്‍ പോലിസ് ആസ്ഥാനത്തിനു സമീപമുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു.
40ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ അറിയിച്ചു. മരിച്ചവരില്‍ ഒരു സ്ത്രീയും രണ്ടു കുഞ്ഞുങ്ങളും ഉള്‍പ്പെടും. ദിയര്‍ബക്കിര്‍ പ്രവിശ്യയിലെ സിനാര്‍ ജില്ലയിലാണ് സംഭവം.
കുര്‍ദ് അധീനപ്രദേശമായ പ്രവിശ്യയില്‍ ആക്രമണം നടത്തിയത് ഇടതുപക്ഷ കുര്‍ദിസ്താന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) പ്രവര്‍ത്തകരാണെന്ന് ഉദ്യോഗസ്ഥര്‍ ആരോപിച്ചു. എന്നാല്‍, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
പോലിസ് ആസ്ഥാനത്തിന്റെ പ്രവേശനകവാടത്തിലാണ് ബോംബ് സ്ഥാപിച്ചത്. സ്‌ഫോടനത്തില്‍ സമീപത്തുള്ള കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
1984 മുതല്‍ പികെകെ സര്‍ക്കാരിനെതിരേ പോരാട്ടം നടത്തിവരുകയാണ്. ഇരുവിഭാഗങ്ങളും തമ്മിലുണ്ടായിരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കപ്പെട്ടതിനാല്‍ 2013 മുതല്‍ തെക്കുകിഴക്കന്‍ മേഖലയില്‍ സൈന്യവും പികെകെയും തമ്മില്‍ സംഘര്‍ഷം രൂക്ഷമാണ്. വര്‍ഷങ്ങളായുള്ള പോരാട്ടങ്ങളില്‍ പതിനായിരക്കണക്കിനാളുകളാണ് ജീവന്‍ വെടിഞ്ഞത്.
കഴിഞ്ഞ ദിവസം ഇസ്താംബൂളില്‍ ഐഎസ് നടത്തിയ ആക്രമണത്തില്‍ 10 ജര്‍മന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it