Editorial

തുര്‍ക്കിയിലെജനവിധി

അഞ്ചു മാസം മുമ്പ് 2015 ജൂണില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ് ഡെവലപ്‌മെന്റ് പാര്‍ട്ടി അഥവാ എകെ പാര്‍ട്ടി കടുത്ത തിരിച്ചടി നേരിട്ടതിനെത്തുടര്‍ന്ന് രാഷ്ട്രീയാസ്ഥിരതയെ അഭിമുഖീകരിക്കുകയായിരുന്നു തുര്‍ക്കി. പൊതുവില്‍ ഇസ്‌ലാമികമായ അജണ്ടകള്‍ മുന്‍നിര്‍ത്തി തുര്‍ക്കിയിലെ ജനങ്ങളുടെ പുരോഗതിയും സാമൂഹികസുരക്ഷയും നീതിയും ഉറപ്പുവരുത്തുന്നതിനുള്ള ശ്രമമാണ് എകെ പാര്‍ട്ടിയുടെ ഭരണകാലത്ത് അതിനു വലിയ ജനപിന്തുണ നല്‍കിയത്. വലിയ സാമ്പത്തിക വികസനം തുര്‍ക്കി നേടിയെടുത്ത അവസരമാണത്. രാജ്യത്തെ സാമൂഹിക ഭിന്നതകള്‍ പരമാവധി പരിഹരിച്ച് ദേശീയ ഐക്യം സ്ഥാപിക്കുന്നതിനുള്ള ഫലപ്രദമായ നീക്കങ്ങളും എകെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി.

കുര്‍ദുകളുമായുള്ള തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അവരെ സാമൂഹിക മുഖ്യധാരയില്‍ കൊണ്ടുവരുന്നതിനും എകെ പാര്‍ട്ടിയുടെ ഭരണകാലത്താണ് വലിയ ശ്രമങ്ങള്‍ നടന്നത്.എന്നാല്‍, ജൂണിലെ തിരഞ്ഞെടുപ്പില്‍ എകെ പാര്‍ട്ടിക്ക് ഭൂരിപക്ഷം നഷ്ടപ്പെടുകയും സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ വിവിധ പാര്‍ട്ടികള്‍ പരാജയപ്പെടുകയും ചെയ്തതോടെ തുര്‍ക്കി കടുത്ത പ്രതിസന്ധികളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ഇറാഖിലും ലിബിയയിലും സിറിയയിലും അസ്ഥിരതയും ആഭ്യന്തരയുദ്ധങ്ങളും പ്രകടമായതോടെ തുര്‍ക്കിയിലേക്ക് ദശലക്ഷക്കണക്കിന് അഭയാര്‍ഥികളാണ് പ്രവഹിച്ചത്.

നാലു വര്‍ഷത്തിനിടയില്‍ 40 ലക്ഷം പേര്‍ക്ക് തുര്‍ക്കി അഭയം കൊടുക്കുകയുണ്ടായി എന്നാണ് യുഎന്‍ കണക്കുകള്‍ പറയുന്നത്. അതേസമയം, പ്രദേശത്ത് ശക്തമായ ഇസ്‌ലാമിക് സ്‌റ്റേറ്റ് പോലുള്ള പുതിയ സായുധപ്രസ്ഥാനങ്ങള്‍ തുര്‍ക്കിക്കകത്തേക്ക് സായുധസമരങ്ങള്‍ കടത്തിക്കൊണ്ടുവന്നു. ഐഎസും കുര്‍ദുകളും തമ്മില്‍ നടന്ന ഏറ്റുമുട്ടലുകള്‍ തുര്‍ക്കിയില്‍ കടുത്ത പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ തലസ്ഥാനമായ അങ്കറയില്‍ അടക്കം വിവിധ തുര്‍ക്കി നഗരങ്ങളില്‍ ഭീകരമായ സായുധ ആക്രമണങ്ങള്‍ നടന്നു. നൂറുകണക്കിനു സാധാരണക്കാര്‍ക്കാണ് ഈ ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടമായത്.

അതേയവസരത്തില്‍ തന്നെ കുര്‍ദ് ഭൂരിപക്ഷപ്രദേശങ്ങളില്‍ വീണ്ടും സായുധകലാപങ്ങള്‍ അരങ്ങേറി. കുര്‍ദ് സായുധപ്രസ്ഥാനമായ പികെകെ വീണ്ടും ആക്രമണങ്ങള്‍ ശക്തമാക്കി. ഈ പ്രതിസന്ധികള്‍ രാജ്യത്തെ സാമ്പത്തിക വളര്‍ച്ചയെ വലിയ തോതില്‍ പിന്നോട്ടടിപ്പിക്കുകയുമുണ്ടായി. ചുരുക്കത്തില്‍, എകെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ തുര്‍ക്കി കൈവരിച്ച നേട്ടങ്ങള്‍ മുഴുക്കെ തകര്‍ന്നടിയുന്ന ഭീതിദമായ കാഴ്ചയാണ് കഴിഞ്ഞ അഞ്ചു മാസത്തെ ഭരണരംഗത്തെ അസ്ഥിരത ചൂണ്ടിക്കാട്ടിയത്. സ്വാഭാവികമായും സമാധാനത്തിനും സുസ്ഥിരതയ്ക്കും പ്രാധാന്യം നല്‍കിയ തുര്‍ക്കി ജനത ഇത്തവണ വീണ്ടും എകെ പാര്‍ട്ടിക്ക് കനത്ത വിജയം നല്‍കിയിരിക്കുകയാണ്. നിലവിലുള്ള പ്രതിസന്ധികളെ നേരിടുന്നതിനും തുര്‍ക്കിയില്‍ സമാധാനവും ഭദ്രതയും തിരിച്ചുകൊണ്ടുവരുന്നതിനുമുള്ള ജനകീയ ഇച്ഛയാണ് ഈ വോട്ടെടുപ്പില്‍ പ്രതിഫലിക്കുന്നത്. കുര്‍ദ് പ്രവിശ്യകളിലടക്കം എകെ പാര്‍ട്ടിക്ക് പിന്തുണ വന്‍തോതില്‍ ഇത്തവണ വര്‍ധിക്കുകയുണ്ടായി എന്നത് ഈ വസ്തുതയാണ് വിളിച്ചോതുന്നത്.
Next Story

RELATED STORIES

Share it