തുണീസ്യ: തൊഴില്‍രഹിതരുടെ ദുരിതം അവസാനിപ്പിക്കും- പ്രസിഡന്റ്

തുണിസ്: രാജ്യത്തെ യുവതയെ പ്രക്ഷോഭത്തിലേക്കു നയിച്ച തൊഴിലില്ലായ്മ ഉയര്‍ത്തുന്ന മോഹഭംഗത്തെക്കുറിച്ച് ബോധവാനാണെന്ന് തുണീസ്യന്‍ പ്രസിഡന്റ് ബാജി ഖാഇദ് അസ്സബ്‌സി. എന്നാല്‍, അസ്ഥിരത തീവ്രവിഭാഗങ്ങള്‍ മുതലെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പൊതു-സ്വകാര്യ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായതിനെ തുടര്‍ന്നാണ് രാജ്യവ്യാപകമായി നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന്
ആഭ്യന്തരമന്ത്രാലയം അറിയിച്ചു. തൊഴിലില്ലായ്മയെ ചൊല്ലി പടിഞ്ഞാറന്‍ മേഖലയിലെ കസേരിന്‍ പ്രവിശ്യയില്‍നിന്ന് തുടങ്ങിയ പ്രതിഷേധം ദിവസങ്ങള്‍ക്കകം രാജ്യത്തിന്റെ വിവിധ മേഖലകളിലേക്കു വ്യാപിക്കുകയായിരുന്നു. തലസ്ഥാന നഗരിയിലുള്‍പ്പെടെ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് റാലികളും നടന്നു. ഫെരിയാന നഗരത്തില്‍ പ്രക്ഷോഭകരുമായുണ്ടായ ഏറ്റുമുട്ടലില്‍ പോലിസുകാരന്‍ കൊല്ലപ്പെട്ടു. കസേരിന്‍ പ്രവിശ്യയിലെ തൊഴില്‍രഹിതനായ രിദ യഹ്യ(28)ന്റെ മരണമാണ് പ്രക്ഷോഭത്തിലേക്കു നയിച്ച പ്രധാന കാരണം.
ഗവര്‍ണറുടെ വസതിക്കു സമീപം നടന്ന പ്രതിഷേധത്തിനിടെ വൈദ്യുതാഘാതമേറ്റായിരുന്നു മരണം.
പ്രതിസന്ധിയില്‍നിന്നു രാജ്യം ഉടന്‍ പുറത്തുകടക്കുമെന്നു പ്രസിഡന്റ് ടെലിവിഷനിലൂടെ രാജ്യത്തോടു നടത്തിയ പ്രഖ്യാപനത്തില്‍ വ്യക്തമാക്കി.
തൊഴിലില്ലായ്മ നിരക്ക് കുത്തനെ വര്‍ധിച്ചതിനും സാമ്പത്തികനില താറുമാറായതിനുമെതിരേയുള്ള പ്രക്ഷോഭം ഒരാഴ്ച പിന്നിടുമ്പോഴാണ് പ്രസിഡന്റ് ആദ്യമായി നയം വ്യക്തമാക്കിയത്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാനും സാമ്പത്തികനില മെച്ചപ്പെടുത്താനുമുള്ള നടപടികള്‍ ആലോചിക്കുകയാണെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it