തുണീസ്യയില്‍ നിരോധനാജ്ഞ

തുനിസ്: തുണീസ്യയില്‍ രാജ്യവ്യാപകമായി നിരോധനാജ്ഞ നടപ്പാക്കി. ദിവസങ്ങളായി തുടരുന്ന സംഘര്‍ഷാവസ്ഥ കാരണമാണ് നിരോധനാജ്ഞയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. പടിഞ്ഞാറന്‍ പ്രവിശ്യയായ കാസ്സെറിനില്‍ തൊഴില്‍രഹിതനായ യുവാവ് ആത്മഹത്യ ചെയ്തതിനെത്തുടര്‍ന്നായിരുന്നു പ്രക്ഷോഭം ആരംഭിച്ചത്.
തൊഴിലില്ലായ്മ, സാമ്പത്തികപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പ്രക്ഷോഭം പിന്നീട് തലസ്ഥാനം, തുനിസ് അടക്കമുള്ള പ്രധാന നഗരങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുനിസ്, സിദി, ബൗസിദ്, ഗഫ്‌സ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ റാലികള്‍ നടന്നു. തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ച് ചില പ്രക്ഷോഭകര്‍ ആത്മഹത്യാശ്രമം നടത്തിയതായും റിപോര്‍ട്ടുകളുണ്ട്. ഫെറിയാന നഗരത്തില്‍ ഒരു പോലിസുകാരന്‍ കൊല്ലപ്പെട്ടതായും റിപോര്‍ട്ടുണ്ട്. പ്രക്ഷോഭകര്‍ ഇയാളുടെ കാര്‍ മറിച്ചിട്ടതിനെത്തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.
കാസ്സെറിന്‍ പ്രവിശ്യയിലും കലാപം രൂക്ഷമായ മറ്റു മേഖലകളിലും സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. പ്രസിഡന്റ് ബെജി കൈദ് എസ്സെബ്‌സി ഇന്ന് കാസ്സെറിനിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. പ്രധാനമന്ത്രി ഹബീബ് എസ്സിദ് കലാപത്തിന്റെ പശ്ചാത്തലത്തില്‍ തന്റെ യൂറോപ്പ് സന്ദര്‍ശനം വെട്ടിക്കുറച്ച് കഴിഞ്ഞദിവസം തുണീസ്യയില്‍ തിരിച്ചെത്തിയിരുന്നു.
വിവേചനത്തിനും പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിനുമെതിരേ തുണീസ്യക്കാര്‍ ഒരുമിച്ചിരിക്കുകയാണെന്ന് പ്രക്ഷോഭകരിലൊരാളായ ബര്‍ഹൗമി താരിഖ് പറഞ്ഞു. പതിറ്റാണ്ടുകളായി തങ്ങള്‍ സഹിക്കുന്നു. ഈ രാജ്യത്തിന്റെ ഭാഗമാണെന്ന് തങ്ങള്‍ക്കു തോന്നുന്നില്ല. സര്‍ക്കാര്‍ തങ്ങളുടെ കാര്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നും താരിഖ് പറഞ്ഞു.
Next Story

RELATED STORIES

Share it