malappuram local

തുടര്‍ നടപടികളില്ല; ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പൊന്നാനിഫിഷറീസ് സ്റ്റേഷന്‍ സര്‍ക്കാര്‍ മറന്നു

പൊന്നാനി: കടലിലുണ്ടാവുന്ന അപകടങ്ങള്‍ക്ക് രക്ഷാ പ്രവര്‍ത്തനം ലക്ഷ്യമിട്ട് പൊന്നാനിയില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ച ഫിഷറീസ് സ്‌റേഷന്റെ കാര്യം സര്‍ക്കാര്‍ മറക്കുന്നു. 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചെന്ന് വകുപ്പ് മന്ത്രി കെ ബാബു തന്നെയാണ് പ്രഖ്യാപിച്ചത്. എന്നാല്‍, പിന്നീട് തുടര്‍ നടപടികളൊന്നുമുണ്ടായില്ല.
2014 ഡിസംബറിലാണു പൊന്നാനിയില്‍ ഫിഷറീസ് സ്റ്റേഷന്‍ നിര്‍മിക്കാന്‍ 50 ലക്ഷത്തിന്റെ ഭരണാനുമതി ലഭിച്ചത്. നിര്‍ദിഷ്ട തീരദേശ പോലിസ് സ്റ്റേഷന് പുറമെയാണിത്. ഫിഷിങ് ഹാര്‍ബറിലെ 20 സെന്റ് സ്ഥലം ഇതിനായി വിട്ടുനല്‍കാനും മന്ത്രി തുറമുഖ വകുപ്പ് ചീഫ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഒരു വര്‍ഷമായി ഇതിന്റെ തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മുങ്ങല്‍ വിദഗ്ധര്‍, സ്പീഡ് ബോട്ട്, സുരക്ഷ ബോട്ട്, ബോട്ടിങ് യാര്‍ഡ്, ഓഫിസ് കാര്യാലയം എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ഫിഷറീസ് സ്റ്റേഷന്‍.
ജില്ലയിലെ മുഴുവന്‍ തീരപ്രദേശങ്ങള്‍ക്കും സഹായമാവുന്ന രീതിയിലാണ് ഫിഷറീസ് സ്റ്റേഷന്‍ വിഭാവനം ചെയ്തത്. നിലവില്‍ ജില്ലയില്‍ ആഴക്കടലില്‍ അപകടങ്ങളോ മറ്റോ ഉണ്ടാവുമ്പോള്‍ കൊച്ചിയില്‍ നിന്നോ ബേപ്പൂരില്‍ നിന്നോ രക്ഷാ ബോട്ടിനെ ആശ്രയിക്കേണ്ട ഗതികേടിലാണ്. ഫിഷിങ് ഹാര്‍ബറിലെ പ്രദേശത്ത് നിന്ന് ഫിഷറീസ് സ്റ്റേഷന് വേണ്ടി സ്ഥലം ലഭ്യമാക്കാന്‍ ഉദ്യോഗസ്ഥ സംഘം മാസങ്ങള്‍ക്ക് മുമ്പ് പൊന്നാനിയില്‍ എത്തിയിരുന്നു.
പൊന്നാനിയില്‍ സര്‍ക്കാര്‍ പ്രഖ്യാപാച്ച ഫിഷറീസ് സ്റ്റേഷന്‍ യാഥാര്‍ഥ്യമാവുമോ എന്നാണ് മല്‍സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്.
Next Story

RELATED STORIES

Share it