thrissur local

തുക തിരിച്ചുനല്‍കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവ്

തൃശൂര്‍: ഉപഭോക്താക്കളില്‍നിന്നും കോര്‍പറേഷന്‍ വൈദ്യുതി വിഭാഗം അധികം വാങ്ങിയ തുക തിരിച്ചുനല്‍കാന്‍ നടപടിയായി. വൈദ്യുതി ബോര്‍ഡിലെ സേവന-വേതനവ്യവസ്ഥകള്‍ കോര്‍പറേഷനും ബാധകമാണെന്നിരിക്കേ അതിന് വിരുദ്ധമായി സര്‍വ്വീസ് കണക്ഷനുകള്‍ നല്‍കാനും മറ്റുമായി അധികം വാങ്ങിയ തുക ഉപഭോക്താക്കള്‍ക്ക് തിരിച്ചുനല്‍കാനുള്ള വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ ഉത്തരവനുസരിച്ചാണ് നടപടി. ഇതനുസരിച്ച് കോടിക്കണക്കിന് രൂപ ഉപഭോക്താക്കള്‍ക്ക് തിരിച്ചു ലഭിക്കും.
കഴിഞ്ഞ കൗണ്‍സിലില്‍ പാട്ടുരായ്ക്കല്‍ ഡിവിഷന്‍ കൗണ്‍സിലറായിരുന്ന കോണ്‍ഗ്രസ്സിലെ അഡ്വ.— സ്മിനി ഷീജോ റഗുലേറ്ററി കമ്മീഷന് നല്‍കിയ പരാതിയനുസരിച്ചായിരുന്നു ഉത്തരവ്. സാധാരണ കണക്ഷന് കെ—എസ്ഇ—ബി 2150 രൂപ വാങ്ങുമ്പോള്‍ കോര്‍പ്പറേഷന്‍ 2350 രൂപ വാങ്ങുന്നതായും ഒരു പോസ്റ്റ് മാറ്റത്തിന് കെ.—എസ്.—ഇ.ബി 13,000 രൂപ വാങ്ങുമ്പോള്‍ കോര്‍പ്പറേഷന്‍ 24,000 രൂപയും 150 കെ.—വി.എ ട്രാന്‍സ്‌ഫോര്‍മര്‍ വെക്കാന്‍ കെ—എസ്—ഇ.ബി 1,76,000 രൂപ മാത്രം ഈടാക്കുമ്പോള്‍ കോര്‍പ്പറേഷന്‍ 4,27,000 രൂപ ഈടാക്കുന്നതായുമൊക്കെയായിരുന്നു സ്മിനി ഷീജോയുടെ പരാതി.
2013-14, 14-15, 15-16 വര്‍ഷങ്ങളില്‍ അധികം വാങ്ങിയ തുകതിരിച്ചുനല്‍കാനുള്ള കമ്മീഷന്‍ വിധിയെ തുടര്‍ന്ന് വിവരാവകാശനിയമപ്രകാരം സ്മിനി ഷീജോ നല്‍കിയ കത്തിനുള്ള മറുപടിയിലാണ് തുക തിരിച്ച് നല്‍കാന്‍ നടപടി സ്വീകരിച്ചതായി വൈദ്യുതി വിഭാഗം അസി.— സെക്രട്ടറി എസ് ജയകുമാര്‍ മറുപടി നല്‍കിയത്.
എന്നാല്‍ മൂന്ന് വര്‍ഷത്തെ വിശദാംശങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെട്ട സ്മിനിക്കു 2014-15ലെ സര്‍വ്വീസ് കണക്ഷനുകളുടെ ലിസ്റ്റ് മാത്രമാണ് മറുപടിയിലുള്ളത്. ഇതനുസരിച്ച് മാത്രം 1300 കണക്ഷനുകളിലായി 12 ലക്ഷം രൂപ തിരിച്ചു ലഭിക്കും ലിസ്റ്റിന്റെ ഫോട്ടോകോപ്പി ലഭിക്കാന്‍ തന്നെ സ്മിനി ഷീജോ 300 രൂപ വൈദ്യുതി വിഭാഗത്തില്‍ കെട്ടിവെക്കേണ്ടിവന്നു.
കമ്മീഷന്‍ ഉത്തരവിനു വിരുദ്ധമാണ് ഒരു വര്‍ഷത്തെ സര്‍വ്വീസ് കണക്ഷനില്‍ മാത്രമായുള്ള നടപടി. മൂന്ന് വര്‍ഷത്തെ അധിക നിരക്കാണ് തിരിച്ചുനല്‍കേണ്ടത്. ട്രാന്‍സ്‌ഫോര്‍മര്‍ ഇടപാടിലാണ് കൂടുതല്‍ കൊള്ളയെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് തിരിച്ചുലഭിക്കേണ്ട തുക കോടികണക്കിന് രൂപവരുമെന്നും സ്മിനി ഷിജോ പറഞ്ഞു. അതിനായി തന്റെ നിയമനടപടികള്‍ തുടരുമെന്നും അവര്‍ അറിയിച്ചു.
ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിക്കാന്‍, മരാമത്തുകമ്മിറ്റി കൗണ്‍സിലര്‍മാരുടെ 'കൊള്ളസംഘം' നടത്തിയിരുന്ന ലക്ഷങ്ങളുടെ പിടിച്ചുപറിക്കു പുറമേയായിരുന്നു വൈദ്യുതി വിഭാഗത്തിന്റെ വക അംഗീകൃത കൊള്ള.
38,000 മാത്രം കണക്ഷനുള്ള കോര്‍പ്പറേഷനില്‍ വൈദ്യുതി ബോര്‍ഡിലെ മാനദണ്ഡമനുസരിച്ചുള്ള ചാര്‍ജ്ജുകള്‍ ഈടാക്കാനാകില്ലെന്ന ന്യായീകരണമായിരുന്നു അസി.—സെക്രട്ടറി എസ്.—ജയകുമാര്‍ റഗുലേറ്ററി കമ്മീഷനു മുമ്പാകെ നല്‍കിയ മറുപടി.
എന്നാല്‍ ഇത് കമ്മീഷന്‍ അംഗീകരിച്ചില്ല. വൈദ്യുതി ബോര്‍ഡിലെ സേവന-വേതനവ്യവസ്ഥകള്‍ അടിസ്ഥാന മാനദണ്ഡമാക്കി 1999 ല്‍ തന്നെ കൗണ്‍സില്‍ തീരുമാനവും റഗുലേറ്ററി കമ്മീഷന്‍ ഉത്തരവും നിലനില്‌ക്കേ നിയമവിരുദ്ധമായി സ്വയം നിരക്കുനിര്‍ണ്ണയം നടത്തിയ അസി.—സെക്രട്ടറിയുടെ നടപടി ആരോപണവിധേയമായെങ്കിലും അസി.—സെക്രട്ടറിയെ പൂര്‍ണ്ണമായും സംരക്ഷിക്കുന്ന നടപടിയായിരുന്നു യു—ഡി.എഫ് കൗണ്‍സില്‍ നേതൃത്വം അന്ന് സ്വീകരിച്ചത്.
ഏക്കാലത്തും കോണ്‍ഗ്രസിന്റെ കോട്ടയായി അറിയപ്പെടുന്ന പഴയ മുനിസിപ്പല്‍ പ്രദേശത്തെ 'സ്വന്തം' ഉപഭോക്താക്കളാണ് കോണ്‍ഗ്രസ് ഭരണത്തില്‍ കൊള്ളയടിക്കപ്പെട്ടതെന്നതും രാഷ്ട്രീയമായും ഗൗരവമായി കാണേണ്ടതുണ്ട്.
Next Story

RELATED STORIES

Share it