തീവ്രവാദക്കേസുകള്‍; സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ തെളിവായി സ്വീകരിക്കാം

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ്, മറ്റേതെങ്കിലും തീവ്രവാദ സംഘടന എന്നിവയെ പിന്തുണയ്ക്കുകയോ അതില്‍ ചേരുകയോ ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റുചെയ്യുന്ന കുറിപ്പുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് തെളിവായി സ്വീകരിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഫേസ്ബുക്ക്, ട്വിറ്റര്‍ കുറിപ്പുകളും ഇ-മെയിലുകളും തെളിവായി സ്വീകരിച്ച് ആളുകളെ അറസ്റ്റ് ചെയ്യും. തീവ്രവാദ സംഘടനകളുമായി വ്യക്തികള്‍ക്കുള്ള ബന്ധങ്ങള്‍ വെളിപ്പെടുത്താന്‍ ഇത്തരം തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും.
രാജ്യത്തെ യുവാക്കള്‍ക്കിടയില്‍ ഐഎസിനുള്ള സ്വാധീനം സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിന്റെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം. ഇന്റലിജന്‍സ് ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സംസ്ഥാനങ്ങളിലെ മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. സോഷ്യല്‍ മീഡിയ വഴി യുവാക്കളുമായി ഐഎസ് പോലുള്ള സംഘടനകള്‍ ബന്ധം സ്ഥാപിക്കുന്നതു തടയാനുള്ള മാര്‍ഗങ്ങളാണ് യോഗത്തില്‍ ചര്‍ച്ചയായത്.
ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വഴി ഭീകരസംഘടനകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് തടയുന്നതിന് ഫലപ്രദമായ നിരീക്ഷണം നടത്തും. ഇതിന്റെ ഭാഗമായി സോഷ്യല്‍ മീഡിയകളില്‍ നിരീക്ഷണം നടത്തുന്നതിനായി രൂപരേഖ തയ്യാറാക്കിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു.
ഇന്ത്യയുടെ പാരമ്പര്യവും കുടുംബ മൂല്യങ്ങളും ഇത്തരം സംഘടനകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കുന്നതില്‍ നിന്ന് തടയാന്‍ സാധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു.
പാകിസ്താന്‍, ബംഗ്ലാദേശ്, മാലദ്വീപ് എന്നീ രാജ്യങ്ങളുമായി സഹകരിച്ച് തീവ്രവാദ സംഘടനകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറാനായി പരസ്പര നിയമസഹായ ഉടമ്പടി പ്രകാരമുള്ള വ്യവസ്ഥകള്‍ ഉപയോഗിക്കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. കേരളം, തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, മധ്യപ്രദേശ്, പശ്ചിമബംഗാള്‍, ബിഹാര്‍, ഡല്‍ഹി, അസം, ഉത്തര്‍പ്രദേശ്, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള പോലിസ് മേധാവികളാണ് യോഗത്തില്‍ പങ്കെടുത്തത്. രാജ്യത്തു നിന്ന് ഇതേവരെ 25 പേര്‍ ഐഎസില്‍ ചേരുന്നതിനായി സിറിയയിലേക്കു പോയിട്ടുണ്ടെന്നാണ് സുരക്ഷാ ഏജന്‍സികളുടെ റിപോര്‍ട്ട്.
Next Story

RELATED STORIES

Share it