Kottayam Local

തീര്‍ത്ഥാടകരുടെ കുളിക്കടവ് ദേവസ്വം ബോര്‍ഡ് ശുചീകരിച്ചു

എരുമേലി: മാലിന്യങ്ങള്‍ കുന്നുകൂടിയ എരുമേലി വലിയതോട്ടിലെ തീര്‍ത്ഥാടകരുടെ കുളിക്കടവ് ദേവസ്വം ബോര്‍ഡ് ശുചീകരിച്ചു.
കരിങ്കല്ലുമൂഴി മുതല്‍ കൊരട്ടിവരെ വലിയ തോടും സ്വകാര്യ ബസ് സ്റ്റാന്‍ഡ് വരെ കൊച്ചുതോടും വന്‍ തോതില്‍ മാലിന്യം അടിഞ്ഞുകൂടിയ നിലയിലാണ്. എല്ലാ വര്‍ഷവും ഗ്രാമപ്പഞ്ചായത്താണ് ശുചീകരണം നടത്തിയിരുന്നത്. മുന്‍വര്‍ഷം 15 ലക്ഷം രൂപ ചെലവഴിച്ചാണ് ശുചീകരണവും സംരക്ഷണ ഭിത്തികളുടെ പുനരുദ്ധാരണവും ഇറിഗേഷന്‍ വകുപ്പ് പ്രത്യേകമായി നടത്തിയത്. തുടര്‍ന്നും ഇറിഗേഷന്‍ വകുപ്പ് ശുചീകരണം നടത്തണമെന്ന് മുന്‍ പഞ്ചായത്ത് ഭരണ സമിതി ആവശ്യപ്പെട്ടിരുന്നു.
30 ലക്ഷം രൂപ ശബരിമല ഫണ്ട് ലഭിച്ചിട്ടും സാങ്കേതികത്വത്തില്‍ പിടിമുറുക്കി ശുചീകരണത്തിനു മുന്‍ഭരണ സമിതി പദ്ധതി തയ്യാറാക്കിയിരുന്നില്ല. കുളിക്കടവിലെ ശുചീകരണം മാത്രമാണ് തങ്ങള്‍ക്കു ചെയ്യാന്‍ കഴിയുകയെന്നു ദേവസ്വം ബോര്‍ഡ് പറയുന്നു. സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഇടക്കാല ശുചീകരണമല്ലാതെ വര്‍ഷം തോറും ശുചീകരണം നടത്താന്‍ കഴിയില്ലെന്ന് ഇറിഗേഷന്‍ വകുപ്പും വ്യക്തമാക്കുന്നു. പദ്ധതിയില്ല, ഫണ്ടില്ല തിരഞ്ഞെടുപ്പാണ് തുടങ്ങിയ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മാലിന്യം നിറഞ്ഞ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്ന അവസ്ഥയില്‍ പോലും ശുചീകരണത്തിന് ഗ്രാമപ്പഞ്ചായത്ത് തയ്യാറാവാത്തത്.
വിഷു ദര്‍ശനത്തിനായി ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകരുടെ വന്‍ തിരക്കാണ് എരുമേലിയെ കാത്തിരിക്കുന്നത്.
Next Story

RELATED STORIES

Share it