തീരുമാനം പിന്‍വലിക്കണം: എം എം ഹസന്‍

തിരുവനന്തപുരം: പ്രവാസികാര്യ വകുപ്പ് നിര്‍ത്താലാക്കാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് കെപിസിസി വൈസ് പ്രസിഡന്റ് എം എം ഹസന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണം. സംസ്ഥാനത്തെ ബിജെപി നേതാക്കളെയും സംഘത്തില്‍ ഉള്‍പ്പെടുത്തണം. ലോകരാജ്യങ്ങള്‍ മുഴുവന്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രിയുടെ തീരുമാനത്തിനു പിന്നിലെ ലക്ഷ്യത്തെക്കുറിച്ചു സംശയമുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്രതീരുമാനം പ്രവാസികള്‍ ഏറെയുള്ള കേരളത്തോടുള്ള അവഗണനയും അനീതിയുമാണ്. സംസ്ഥാനത്തെ 30 ലക്ഷം പ്രവാസി കുടുംബങ്ങളെയാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക. പ്രവാസി സമൂഹം ആശങ്കയോടെയാണ് ഇതിനെ കാണുന്നത്. ഏറെ തിരക്കുപിടിച്ച വിദേശകാര്യ വകുപ്പിനെ പ്രവാസികളുടെ ചുമതല ഏല്‍പ്പിക്കാനുള്ള നീക്കം ഗുണകരമാവില്ല. പ്രവാസികള്‍ക്ക് അവരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയായ പ്രവാസിഭാരതീയ ദിനാഘോഷം രണ്ടു വര്‍ഷത്തിലൊരിക്കലായി ചുരുക്കിയ തീരുമാനം തെറ്റായ സന്ദേശമാണു നല്‍കുന്നത്.
കേന്ദ്രതീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് കത്തിലൂടെയും വിദേശകാര്യമന്ത്രിയോട് നേരിട്ടും ആവശ്യപ്പെട്ടതായി ഹസന്‍ പറഞ്ഞു. പ്രവാസികളോട് ഏറ്റവും താല്‍പര്യം പ്രകടിപ്പിക്കുന്ന സര്‍ക്കാരാണ് മോദിയുടെ നേതൃത്വത്തിലുള്ളതെന്നാണ് ബിജെപി സംസ്ഥാന മുന്‍ പ്രസിഡന്റ് വി മുരളീധരന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it