thrissur local

തീരദേശ മേഖലയില്‍ വ്യാജകള്ളൊഴുകുന്നു; അധികൃതര്‍ നടപടിയെടുക്കുന്നില്ല

ചാവക്കാട്: രഹസ്യ ഗോഡൗണുകളില്‍നിന്ന് തീരദേശ മേഖലയിലേക്ക് വ്യാജകള്ളൊഴുകുന്നു. പരാതി വ്യാപകമായിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല.
അന്യസംസ്ഥാനങ്ങളില്‍നിന്ന് രഹസ്യപാതകള്‍ വഴി ഗോഡൗണുകളിലേക്ക് എത്തുന്ന സ്പിരിറ്റ് ഉപയോഗിച്ചും നവസാരവും കൊളംബോ പേസ്റ്റും ഡയസെപാമും ഉപയോഗിച്ചും വ്യാജകള്ളും മദ്യവും നിര്‍മിച്ച് ഗ്രാമീണമേഖലയിലെ കള്ളുഷാപ്പ് വഴിയും അനധികൃത മദ്യവില്‍പന കേന്ദ്രങ്ങള്‍ വഴിയും വ്യാപകമായി വിറ്റഴിക്കുകയാണ്.
എന്നാല്‍ എക്‌സൈസ്, പോലിസ് അധികൃതര്‍ ഇതിനെതിരേ നടപടിയെടുക്കുന്നില്ലെന്നാണ് വ്യാപക പരാതി.
ഇത്തരത്തില്‍ മേഖലയിലെ വിവിധ ഷാപ്പുകളില്‍ ആനമയക്കി കള്ളുകഴിച്ച് മയങ്ങി വീഴുന്നവര്‍ ഏറെയാണ്. താലൂക്കിലെ കള്ളുഷാപ്പുകളില്‍ കാലങ്ങളായി പരിശോധന പോലും നടക്കുന്നില്ല. ഇതാണ് വ്യാജകള്ള് വില്‍പന പൊടിപൊടിക്കാന്‍ കാരണമാകുന്നത്. മേഖലയില്‍ വീടുകള്‍ കേന്ദ്രീകരിച്ചും വ്യാജകള്ള് നിര്‍മാണം നടക്കുന്നുണ്ട്.
തെങ്ങുചെത്തി ഉല്‍പാദിപ്പിക്കുന്ന കള്ള് നൂറുലിറ്റര്‍ ഉണ്ടെങ്കില്‍ ഇത് അഞ്ഞൂറും ആയിരവും ലിറ്ററാക്കി മാറ്റാന്‍ വിദഗ്ധരായവര്‍ മേഖലയിലുണ്ട്. പുന്നയൂര്‍ക്കുളം സ്വദേശിയാണ് ഇതിനു ചുക്കാന്‍ പിടിക്കുന്നതെന്ന് പറയപ്പെടുന്നു.
തിളപ്പിച്ചാറ്റിയ വെള്ളത്തിലേക്ക് കുമ്പളങ്ങ അടിച്ചുകലക്കി ചേര്‍ത്തശേഷം സ്പിരിറ്റും ഡയസെപാം പൊടിയും വീര്യംകൂട്ടാന്‍ മറ്റു വസ്തുക്കളും പൊടിച്ചുചേര്‍ത്ത് കലക്കി വീര്യമുള്ള കള്ളാക്കുകയാണ് ചെയ്യുന്നത്. കള്ളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളുടെ അളവുകൂടിയാല്‍ മരണംവരെ സംഭവിക്കാമെന്നിരിക്കെ മദ്യദുരന്ത ഭീഷണിയും മേഖലയില്‍ നിലനില്‍ക്കുന്നുണ്ട്.
കേസില്‍ പിടിയിലാവുന്നവര്‍ നിസാര ശിക്ഷ കഴിഞ്ഞ് വേഗം തന്നെ പുറത്തുവരുന്നതാണ് വ്യാജമദ്യനിര്‍മാണം വ്യാപകമാവാന്‍ പ്രധാന കാരണം. മണിക്കൂറുകള്‍ക്കുള്ളില്‍ തീരാനുള്ള കള്ളുമാത്രമാണ് ജില്ലയില്‍ ചെത്തിയെടുക്കുന്നത്.
എന്നാല്‍ ദിവസംമുഴുവന്‍ ഷാപ്പുകളില്‍ കള്ളുകിട്ടുന്നതിനു പിന്നില്‍ വ്യാജകള്ളാണെന്നുള്ളത് പരസ്യമായ രഹസ്യമാണ്. പ്രദേശത്ത് വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നിലും മദ്യം പ്രധാന വില്ലനാകുന്നുണ്ട്.
ക്രിസ്മസ്-പുതുവല്‍സര വിപണി ലക്ഷമാക്കി വ്യാജകള്ളും വ്യാജമദ്യവും വാറ്റുകേന്ദ്രങ്ങളും അനധികൃത വില്‍പനയും വര്‍ധിച്ച സാഹചര്യത്തില്‍ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Next Story

RELATED STORIES

Share it