തീരദേശ പരിപാലന നിയമ ലംഘനം; അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: തീരദേശ പരിപാലന നിയമം ലംഘിച്ചു കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ അനുമതി നല്‍കിയ ഉ—ദ്യോഗസ്ഥര്‍ക്കെതിരേ ലോകായുക്ത അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചി കോര്‍പറേഷനിലെയും മരട് നഗരസഭയിലെയും ഉദ്യോഗസ്ഥര്‍ക്കെതിരേയാണ് ലോകായുക്ത വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
തീരദേശ പരിപാലന നിയമം ലംഘിച്ചും കായല്‍ കൈയേറിയും നൂറുകണക്കിന് കെട്ടിടങ്ങളാണ് കൊച്ചി കോര്‍പറേഷന്റെയും മരട് നഗരസഭയുടെയും പരിധിയിലുള്ളത്. വന്‍കിട നിര്‍മാതാക്കളുടെ ഫഌറ്റുകള്‍ക്കു പുറമെ പ്രമുഖ വ്യക്തികളുടെ വീടുകളും ഇതില്‍ ഉള്‍പ്പെടും. ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് ഇത്തരം നിയമലംഘനങ്ങള്‍ നടന്നതെന്ന് നേരത്തേ വകുപ്പ്തലത്തില്‍ നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. നിയമലംഘനങ്ങള്‍ക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു നഗരകാര്യ ഡയറക്ടര്‍ നഗരസഭാ സെക്രട്ടറിമാര്‍ക്ക് കത്തയച്ചിരുന്നു. ഒപ്പംതന്നെ നിയമം ലംഘിച്ചുള്ള നിര്‍മാണങ്ങള്‍ സംബന്ധിച്ച് റിപോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നുവെങ്കിലും നടപടിയൊന്നുമുണ്ടായില്ല. നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നിര്‍മാണാനുമതി നല്‍കിയതിനുപുറമെ ഒക്കുപ്പെന്‍സി സര്‍ട്ടീഫിക്കറ്റുകളും ഉദ്യോഗസ്ഥര്‍ നല്‍കി.
വന്‍കിട നിര്‍മാതാക്കളില്‍നിന്നു മേയര്‍ഫണ്ടിലേക്കും മറ്റുമായി വന്‍തുക തദ്ദേശസ്ഥാപനങ്ങള്‍ ഫണ്ടായി സ്വീകരിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പൊതുപ്രവര്‍ത്തകനായ കെ ടി ചെഷയര്‍ ലോകായുക്തയെ സമീപിച്ചത്. പരാതി ഫയലില്‍ സ്വീകരിച്ച ലോകായുക്ത ഡിവിഷന്‍ബെഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. എറണാകുളം വിജിലന്‍സിനാണ് അന്വേഷണച്ചുമതല. അടുത്തമാസം 23നകം അന്വേഷണ റിപോര്‍ട്ട് ഹാജരാക്കാനും ലോകായുക്ത ഉത്തരവിട്ടു.
Next Story

RELATED STORIES

Share it