Alappuzha local

തീരദേശവാസികള്‍ക്കിടയില്‍ ബാങ്കുകള്‍ ഉദാരസമീപനം പുലര്‍ത്തണം: എംപി

ആലപ്പുഴ: തീരദേശമേഖലയില്‍ വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ കൂടുതല്‍ ഉദാരസമീപനം പുലര്‍ത്തണമെന്ന് കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. തീരദേശ മേഖലയില്‍ ബാങ്കുകള്‍ വായ്പ നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കലക്‌ട്രേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
സുനാമി ബാധിത പ്രദേശങ്ങളില്‍ ഭൂമിയുടെ ഈടിന് മേലുള്ള വായ്പകള്‍ നിഷേധിക്കുന്നതിനെതിരേ യോഗത്തില്‍ പ്രതിഷേധമുയര്‍ന്നു.
കാര്‍ത്തികപ്പള്ളി താലൂക്കില്‍ ഇതുവരെ 7.18 കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്നും സംസ്ഥാന പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ (കെഎസ്ബിസിഡിസി) ജനറല്‍ മാനേജര്‍(പ്രോജക്റ്റ്‌സ്) കെ റ്റി ബാലഭാസ്‌കരന്‍ യോഗത്തെ അറിയിച്ചു. ഹരിപ്പാട് സബ് ജില്ലാ ഓഫിസ് വഴി കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ആറാട്ടുപുഴ പഞ്ചായത്തില്‍ 224 പേര്‍ക്കായി 3.22 കോടി രൂപ വായ്പ നല്‍കി. 147 പേര്‍ക്ക് വസ്തു ഈടിന്‌മേലാണ് വായ്പ നല്‍കിയത്.
ആറാട്ടുപുഴ പഞ്ചായത്തില്‍ 275 പേര്‍ക്കായി 6.43 കോടി രൂപ വായ്പ നല്‍കിയതായി ആറാട്ടുപുഴ കോര്‍പറേഷന്‍ ബാങ്ക് മാനേജര്‍ യോഗത്തെ അറിയിച്ചു. കയര്‍ മേഖലയില്‍ 170 പേര്‍ക്കായി നാലു കോടി രൂപ വായ്പ നല്‍കിയിട്ടുണ്ട്. 36 കുടുംബശ്രീ യൂനിറ്റുകള്‍ക്കായി 1.5 കോടി രൂപയും 74 പേര്‍ക്ക് വിദ്യാഭ്യാസ വായ്പയും വള്ളവും വലയും വാങ്ങാന്‍ 25 പേര്‍ക്ക് വായ്പയും അനുവദിച്ചിട്ടുണ്ടെന്ന് ബാങ്ക് മാനേജര്‍ പറഞ്ഞു.
വായ്പ നിഷേധിക്കപ്പെടുന്ന വ്യക്തിപരമായ കേസുകള്‍ പരിശോധിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ലീഡ് ബാങ്ക് മാനേജര്‍ക്ക് എംപി നിര്‍ദേശം നല്‍കി. തൃക്കുന്നപ്പുഴ ധനലക്ഷ്മി ബാങ്ക് 40 പേര്‍ക്കായി ഒരു കോടി രൂപ വായ്പ നല്‍കി. 125 പേര്‍ക്കായി രണ്ടു കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ടെന്ന് മുതുകുളം കോര്‍പറേഷന്‍ ബാങ്ക് അറിയിച്ചു. വായ്പ നിഷേധിക്കുന്നുവെന്ന റിപോര്‍ട്ടുകള്‍ വന്നതിലെ നിജസ്ഥിതി അന്വേഷിക്കാന്‍ എഡിഎമ്മിന് നിര്‍ദേശം നല്‍കി. ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ് അജിത, ലീഡ് ബാങ്ക് മാനേജര്‍ രവികുമാര്‍, ഡപ്യൂട്ടി കലക്ടര്‍ കെ ആര്‍ ചിത്രാധരന്‍, കെഎസ്ബിസിഡിസി മാനേജര്‍മാരായ ബി ഷറഫുദ്ദീന്‍, കെ ജെ ലത, തീരദേശ മേഖലയിലെ ബാങ്കുകളുടെ മാനേജര്‍മാര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it