thrissur local

തീരദേശമേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു; പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് പരാതി

ചാവക്കാട്: തീരദേശ മേഖലയില്‍ മഞ്ഞപ്പിത്തം പടരുന്നു. ഒന്നര മാസത്തിനിടെ രോഗം സ്ഥിരീകരിച്ചത് അമ്പതിലേറെ പേരില്‍. മലിനമായ കുടിവെള്ളത്തിന്റെയും ശീതളപാനീയങ്ങളുടെയും ഉപയോഗമാണ് മഞ്ഞപ്പിത്തം പടരുന്നതിന് കാരണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. വേനലിനൊപ്പം പടരുന്ന മഞ്ഞപ്പിത്തം ഇത്തവണ വേനലിന്റെ തുടക്കത്തില്‍ തന്നെ മേഖലയില്‍ പിടിമുറുക്കുകയാണ്. കോളനി പ്രദേശങ്ങളിലാണു മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം ഏറെയുള്ളത്. താഴ്ന്നപ്രദേശങ്ങളില്‍ വെള്ളം കെട്ടി നില്‍ക്കുന്നതും കിണറുകളിലെ കുടിവെള്ളം മലിനമായതും രോഗബാധക്കു കാരണമായതായി സംശയിക്കുന്നു.
ജനുവരി മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളനുസരിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം 50ലധികം പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. നൂറോളം പേരില്‍ രോഗലക്ഷണങ്ങളും കണ്ടെത്തി. രോഗം മൂര്‍ഛിച്ച പലരും ഗുരുതരാവസ്ഥ തരണം ചെയ്തുവെങ്കിലും മേഖലയില്‍ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. സ്വകാര്യആശുപത്രികളെയും മറ്റ് ചികില്‍സാ മാര്‍ഗങ്ങളെയും ആശ്രയിച്ചവരെ കൂടി കണക്കിലെടുത്താല്‍ മഞ്ഞപ്പിത്തം വ്യാപകമാണെന്ന് വ്യക്തമാവും.
ശുദ്ധജലക്ഷാമം മൂലം മലിനജലത്തിന്റെ ഉപയോഗം വര്‍ധിച്ചതാണ് ജലജന്യരോഗമായ മഞ്ഞപ്പിത്തവും വര്‍ധിക്കാന്‍ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്. വഴിയോരങ്ങളിലും ചെറുകിട ഹോട്ടലുകളിലുമുള്ള ശീതളപാനീയങ്ങള്‍ ശുദ്ധമല്ലാത്ത വെള്ളവും ഐസും ചേര്‍ത്ത് വിറ്റത് കാരണമായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും സൂക്ഷിച്ചില്ലെങ്കില്‍ വേനലടുക്കും തോറും രോഗവും വ്യാപിക്കുമെന്ന് മുന്നറിയിപ്പും നല്‍കുന്നുണ്ട്.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും, ഓരു കലര്‍ന്നതും, കലങ്ങിയതുമായ കിണറ്റിലേയും മറ്റു ജലസ്രോതസുകളിലെയും വെള്ളം പാചകത്തിന് ഉപയോഗിക്കരുതെന്നും തോടിനും, വയലിനും അരികെയുള്ള കിണറുകളിലെ വെള്ളം തെളിഞ്ഞതിനു ശേഷം മാത്രം ഉപയോഗിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പ്രദേശങ്ങളിലെ കിണറുകളിലെ വെള്ളം പരിശോധനാ വിധേയമാക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചു. അതേസമയം പ്രദേശത്തു മഞ്ഞപ്പിത്തം പടര്‍ന്നുപിടിച്ചിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തിയില്ലെന്നും പരാതിയുണ്ട്.
Next Story

RELATED STORIES

Share it