malappuram local

തീരദേശത്ത് സിപിഎം-ലീഗ് സംഘര്‍ഷം; വീടുകളും വാഹനങ്ങളും കടയും തകര്‍ത്തു

തിരൂര്‍: തീരദേശത്ത് വീണ്ടും സിപിഎം-ലീഗ് സംഘര്‍ഷം. കഴിഞ്ഞദിവസങ്ങളിലായി നടന്ന സംഘര്‍ഷത്തില്‍ വീടുകളും കടയും വാഹനങ്ങളും തകര്‍ത്തു. സംഭവത്തില്‍ മൂന്ന് വീടുകളും ഒരു കടയും രണ്ട് ഓട്ടോറിക്ഷയും ഒരു ബൈക്കും അക്രമികള്‍ അടിച്ചു തകര്‍ത്തു.
ഇന്നലെ ഇശാഅ് നമസ്‌കാരത്തിനായി പുരുഷന്മാര്‍ പള്ളിയില്‍ പോയ സമയത്താണ് ആക്രമണം. സംഭവത്തില്‍ പള്ളാത്ത് ലത്തീഫിന്റെയും പള്ളാത്ത് ഫൈസലിന്റെയും ഓട്ടോറിക്ഷകളും ചേക്കിന്റെ പുരക്കല്‍ ത്വല്‍ഹത്തിന്റെ ബൈക്കും അക്രമികള്‍ തകര്‍ത്തു.
കുട്ടാത്ത് സൈനുദ്ദീന്റെ കടയുടെ പൂട്ട് പൊളിച്ച് മുഴുവന്‍ സാധനങ്ങളും അക്രമികള്‍ നശിപ്പിച്ചു. മേശയും കസേരയും കൗണ്ടറും ഫ്രിഡ്ജും നശിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് പള്ളാത്ത് മുഹമ്മദ് കുട്ടിയുടെ വീട് അക്രമികള്‍ നശിപ്പിച്ചു. മുഹമ്മദ് കുട്ടിയുടെ കഴുത്തിന് നേരെ വാള്‍ ചൂണ്ടിയതായും വീട്ടുകാര്‍ പറഞ്ഞു. ടിവി തകര്‍ക്കുകയും അലമാര ചവിട്ടിപ്പൊളിച്ച് പണവും സ്വര്‍ണവും കവര്‍ന്നതായും വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കി.
മകളുടെ വീടു പണിക്കായി സൂക്ഷിച്ച 94,000 രൂപയും 22 പവനും കൊള്ളയടിക്കുകയും മകളുടെ കഴുത്തില്‍ കിടന്ന ആറു പവന്‍ സ്വര്‍ണം പൊട്ടിച്ചെടുക്കുകയും ചെയ്തതായി മുഹമ്മദ് കുട്ടി പറഞ്ഞു.
കുട്ടാത്ത് കുഞ്ഞിമരക്കാറിന്റെയും പള്ളാത്ത് ഹംസക്കോയയുടെയും വീടുകളിലും അക്രമം നടന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ ഉണ്ണിയാലില്‍ സിപിഎം നിറമരുതൂര്‍ പഞ്ചായത്ത് മുന്‍ അംഗം സിപി സൈതുവിന്റെ സ്‌കൂട്ടര്‍ തേവര്‍ കടപ്പുറം പള്ളിക്കുളത്തില്‍ തള്ളിയിട്ടിരുന്നു. ഇതിന് പിന്നില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച രാത്രിയില്‍ ഉണ്ണിയാലില്‍ സിപിഎം പ്രവര്‍ത്തകരുടെ ക്ലബ്ബ് തീയിട്ട് നശിപ്പിച്ചു. ഇതിനു പിന്നാലെയാണ് പറവണ്ണയില്‍ ലീഗ് പ്രവര്‍ത്തകരുടെ വീടുകള്‍ക്കും കടകള്‍ക്കും നേരെ അക്രമം ഉണ്ടായത്.
തിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുഹമ്മദ്കുട്ടിക്ക് അഞ്ചു ലക്ഷം രൂപയുടെയും സൈനുദ്ദീന് രണ്ടു ലക്ഷം രൂപയുടെയും ബാക്കിയുള്ളവര്‍ക്ക് 65000 രൂപയുടെയും നഷ്ടമുണ്ടെന്നാണ് കണക്കാക്കുന്നത്. നിയുക്ത എംഎല്‍എ സി മമ്മുട്ടിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it