Alappuzha local

തീരദേശത്ത് വീണ്ടും കടലാക്രമണം രൂക്ഷമായി; തീരം കടലെടുത്തുതുടങ്ങി

അമ്പലപ്പുഴ: കാലവര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ തീരം കടലെടുത്തുതുടങ്ങി. നെഞ്ചിടിപ്പോടെ തീരവാസികള്‍. പുറക്കാട്, അമ്പലപ്പുഴ തെക്ക്, വടക്ക് പഞ്ചായത്തുകളിലാണ് കടലാക്രമണം മൂലം ജനജീവിതം സ്തംഭിച്ചത്. തീരദേശത്ത് കടലാക്രമണം രൂക്ഷമായതിനെ തുടര്‍ന്നു നിരവധി വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു. 25 ഓളം വീടുകള്‍ തകര്‍ച്ചാ ഭീഷണിയിലാണ്.
വെള്ളക്കെട്ടിലായ വീടുകളില്‍ നിന്നും കുടുംബങ്ങളെ ദുരിതാശ്വാസ ക്യാംപില്‍ മാറ്റിസ്ഥാപിച്ചു. പലരും ബന്ധുവീടുകളില്‍ അഭയം തേടിയിരിക്കുകയാണ്. പ്രദേശത്തെ നിരവധി തെങ്ങുകളും മരങ്ങളും കടപുഴകി. കടല്‍ഭിത്തി നിര്‍മ്മിക്കാത്തതാണ് കടലാക്രമണം രൂക്ഷമാകാന്‍ കാരണമെന്നു ആരോപണമുണ്ട്.
കടല്‍ഭിത്തിയില്ലാത്ത പ്രദേശങ്ങളില്‍ തിരമാല കരയിലേക്ക് ആഞ്ഞടിക്കുമ്പോള്‍ തീരവാസികളുടെ നെഞ്ചിടിപ്പ് വര്‍ധിക്കുകയാണ്. ശാസ്ത്രീയമായ രീതിയിലുള്ള കടല്‍ഭിത്തി നിര്‍മാണത്തിന്റെ അഭാവമാണ് തീരദേശത്തെ വലയ്ക്കുന്നത്. മുന്‍വര്‍ഷങ്ങളില്‍ വിവിധ പഞ്ചായത്തുകളിലുണ്ടായ കടലാക്രമണംമൂലം സര്‍വതും നഷ്ടപ്പെട്ട് നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാംപുകളില്‍ അഭയാര്‍ഥികളായി കഴിയുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ സൗജന്യ റേഷന്‍പോലും ലഭിക്കുന്നില്ല. ഇതിനിടയിലാണ് ഈ കാലവര്‍ഷക്കാലത്തും തീരം കടലെടുത്തുതുടങ്ങിയിരിക്കുന്നത്.
പുറക്കാട് പഞ്ചായത്ത് ഒന്ന്, 17, 18 വാര്‍ഡുകളിലും അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 15, 16, 17 വാര്‍ഡുകളായ നീര്‍ക്കുന്നം വണ്ടാനം പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ കടലാക്രമണം ശക്തമായിരിക്കുന്നത്. ചില ഭാഗങ്ങളിലുള്ള കടല്‍ഭിത്തി ശക്തമായ കടലാക്രമണത്തെ ചെറുക്കാന്‍ കഴിയാത്തതുമൂലം അനേകം വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ചുനിര്‍മിച്ച സുനാമി വീടുകളും ഇതില്‍ ഉള്‍പ്പെടും.
കടലിനോട് മല്ലിട്ട് വര്‍ഷങ്ങളായി പടുത്തുയര്‍ത്തിയ വീടുകളും മറ്റും ഒരു നിമിഷംകൊണ്ട് തിരമാലയില്‍ തകരുന്നത് നോക്കി നില്‍ക്കാനേ ഇവര്‍ക്ക് കഴിയൂ. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് പിന്നീടുള്ള ഏക ആശ്രയമം ദുരിതാശ്വാസ ക്യാംപുകളാണ്. വര്‍ഷങ്ങളായി ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് ഇനിയും പുനരധിവാസം യാഥാര്‍ഥ്യമാവാത്തതിനാല്‍ വീട് നഷ്ടപ്പെട്ടവര്‍ ക്യാമ്പുകളിലേക്ക് പോകാന്‍ മടിക്കുകയാണ്.
പുലിമുട്ടോടുകൂടിയ ശാസ്ത്രീയ രീതിയിലുള്ള കടല്‍ഭിത്തി നിര്‍മാണമാണ് തീരം സംരക്ഷിക്കാനുള്ള ഏക മാര്‍ഗം. ഇതിനായി നബാര്‍ഡിന്റെ പദ്ധതിയില്‍പ്പെടുത്തി പുറക്കാട് പഞ്ചായത്തില്‍ പുലിമുട്ട് നിര്‍മാണ് പുരോഗമിക്കുകയാണ്. കരാറുകാരന് പണം ലഭിക്കാത്തതാണ് നിര്‍മാണത്തിന് പ്രധാന തടസ്സമായി നില്‍ക്കുന്നത്. കടല്‍ഭിത്തി നിര്‍മിച്ച് തീരത്തെ ശാശ്വതമായി സംരക്ഷിക്കണമെന്നാണ് തീരദേശവാസികളുടെ ആവശ്യം.
Next Story

RELATED STORIES

Share it