thiruvananthapuram local

തീരദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന; നിരവധി ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍

കഴക്കൂട്ടം: തീരദേശം കേന്ദ്രീകരിച്ച് വന്‍തോതില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന നിരവധി ക്രിമിനല്‍ കേസിലെ പ്രതി പോലിസ് പിടിയില്‍.
പെരുമാതുറ തെരുവില്‍ തൈവിളാകം റാസി മന്‍സിലില്‍ മാമു സുല്‍ഫിയെന്നു വിളിക്കുന്ന സുല്‍ഫി(33)യെയാണ് കടയ്ക്കാവൂര്‍ സിഐയുടെ നേതൃത്വത്തില്‍ കഠിനംകുളം പോലിസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്.
പോലിസിനും എക്‌സൈസിനും പിടികൊടുക്കാതെ വര്‍ഷങ്ങളായി പെരുമാതുറയില്‍ തന്നെ ഒളിവില്‍ കഴിഞ്ഞ് കഞ്ചാവ് വില്‍പ്പനയും അക്രമവും നടത്തിയിരുന്നയാളാണ് ഇപ്പോള്‍ പിടിയിലായത്. കഠിനംകുളം പോലിസില്‍ പ്രതിക്കെതിരെ 12 കേസുകള്‍ നിലവിലുണ്ട്. കഞ്ചാവ് വില്‍പ്പന തടുക്കുന്നതുവരെ ഭീക്ഷണിപ്പെടുത്തിയും വീടുകയറി ആക്രമിക്കുകയും ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. പ്രതിയുടെ നിരന്തരമായ ഉപദ്രവം കാരണം നാട്ടുകാര്‍ പേടി—ച്ചാണ് കഴിഞ്ഞിരുന്നത്.
തമിഴ്‌നാടുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വ്യാപകമായി കഞ്ചാവ് പെരുമാതുറയില്‍ എത്തിച്ചശേഷം മറ്റ് ജില്ലകള്‍ കൂടാതെ മര്യനാട്, പുതുക്കുറുച്ചി, മാടന്‍വിള, കല്‍പ്പനകോളനി, പുതുവല്‍ കോളനി, പള്ളിത്തുറ എന്നിവിടങ്ങളില്‍ ഏജന്റ് മുഖാന്തിരമാണ് വില്‍പ്പന നടത്തിയതെന്ന് കഠിനംകുളം പോലിസ് പറഞ്ഞു.
പ്രതി ഒളിപ്പിച്ചിരുന്ന കഞ്ചാവ് എക്‌സൈസുകാര്‍ക്ക് കാട്ടികൊടുത്തതിന്റെ വൈരാഗ്യത്തില്‍ അയല്‍വാസിയായ ജസീലയെന്ന സ്ത്രീയെ വീടുകയറി ആക്രമിക്കുകയും ഇത് ചോദ്യചെയ്ത പിതാവ് ജാഫറിനെയും വീട് കയറി ആക്രമിച്ച് മര്‍ദ്ദിച്ചതായും പരാതിയുണ്ട്.
കൂടാതെ മാമുവിന്റെ ഉപദ്രവം ഭയന്ന് പോലിസില്‍ പരാതിപ്പെട്ട പെരുമാതുറ സ്വദേശികളായ ഷാഹിദ, ഹസീന എന്നിവരെയും വീടുകയറി ആക്രമിച്ചു. പോലിസ് അന്വേഷിച്ച് എത്തുമ്പോള്‍ പ്രതി വള്ളത്തിലും ബോട്ടിലും മറ്റുമായി രക്ഷപ്പെടുകയാണ് പതിവെന്ന് പോലിസ് പറഞ്ഞു.
കടയ്ക്കാവൂര്‍ സിഐ എ സജാത്, കഠിനംകുളം എസ്‌ഐ ആര്‍ രാജീവ്, അഡീഷനല്‍ എസ്‌ഐ പ്രസാദ്, എഎസ്‌ഐ സാജിത്, പോലിസുകാരായ സന്തോഷ്, സജീര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്.
Next Story

RELATED STORIES

Share it