തീരം കാക്കാന്‍ ഇനി ആരുഷും

കൊച്ചി: ഇന്ത്യന്‍ തീരസംരക്ഷണ സേനയ്ക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ രൂപകല്‍പന ചെയ്ത് നിര്‍മിച്ച ഐസിജിഎസ് ആരുഷ് എന്ന അതിവേഗ നിരീക്ഷണ കപ്പല്‍ കമ്മീഷന്‍ ചെയ്തു. തീരസംരക്ഷണ സേനയുടെ കൊച്ചിയിലെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ തീരസംരക്ഷണ സേന അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ കമാന്‍ഡര്‍ എസ് പി എസ് ബസ്‌റ നിരീക്ഷണ കപ്പല്‍ കമ്മീഷന്‍ ചെയ്തു.
ഇന്ത്യയുടെ തീരമേഖല നേരിടുന്ന ബഹുമുഖമായ സുരക്ഷാ ഭീഷണികള്‍ നേരിടുന്നതിന് വിവിധ സുരക്ഷാ ഏജന്‍സികളുടെ കൂടുതല്‍ ഏകോപിതമായ പ്രവര്‍ത്തനം അത്യന്താപേക്ഷിതമാണെന്ന് എസ് പി എസ് ബസ്‌റ പറഞ്ഞു. തീര സംരക്ഷണ സേന അതിവേഗം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ത്യന്‍ തീരം നേരിടുന്ന വെല്ലുവിളികള്‍ നേരിടുന്നതിന് സര്‍വസജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ തീര സംരക്ഷണ സേന അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ 150 കപ്പലുകളും 100 വിമാനങ്ങളും സ്വന്തമായുള്ള സേനാവിഭാഗമാവുമെന്നും തീരനിരീക്ഷണത്തിനായി 46 സ്‌റ്റേഷനുകള്‍ സജ്ജമാവുമെന്നും അദ്ദേഹം പറഞ്ഞു. തീരസംരക്ഷണ സേന ഇന്‍സ്‌പെക്ടര്‍ ജനറല്‍ കമാന്‍ഡര്‍ കെ നടരാജനും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു. തീരസംരക്ഷണ സേനയക്കു വേണ്ടി കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിക്കുന്ന 20 അതിവേഗ നിരീക്ഷണ കപ്പലുകളില്‍ 17ാമത്തേതാണ് ആരുഷ്. 50 മീറ്റര്‍നീളവും 421 ടണ്‍ ഭാരവുമുള്ള ആരുഷിന് പരമാവധി 33 നോട്ട് വേഗതയില്‍ വരെ സഞ്ചരിക്കാന്‍ കഴിയും.
Next Story

RELATED STORIES

Share it