malappuram local

തിരൂര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരേ വ്യാജ പ്രചാരണം; പൊന്‍മുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ സഹോദരന്‍ അറസ്റ്റില്‍

തിരൂര്‍: തിരൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസിനെതിരേ ഫേസ്ബുക്കിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും അപകീര്‍ത്തികരമായ ശബ്ദസന്ദേശം പ്രചരിപ്പിച്ച ഇളയോടത്ത് അഷ്‌റഫ് എന്നയാളെ കല്‍പ്പകഞ്ചേരി പോലിസ് അറസ്റ്റ് ചെയ്തു.
കല്‍പ്പകഞ്ചേരി എസ്‌ഐ കെ വിശ്വനാഥനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പൊന്‍മുണ്ടം ഗ്രാമഞ്ചായത്ത് പ്രസിഡന്റായ മുസ്‌ലിംലീഗ് നേതാവ് സുബൈറിന്റെ സഹോദരനാണ് ഇയാള്‍. തിരൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍ ചിട്ടിഫണ്ട് നടത്തിയ തട്ടിപ്പുകേസില്‍ ഗഫൂര്‍ പി ലില്ലീസ് ഒന്നാം പ്രതിയാണെന്നും തട്ടിപ്പ് നടത്തിയ ശേഷം കുടുംബസമേതം മഹാരാഷ്ട്രയിലേക്ക് പോയെന്നും തട്ടിപ്പു നടത്തിയ പണം ഉപയോഗിച്ചാണ് അദ്ദേഹം ഫഌറ്റുകള്‍ നിര്‍മിക്കുന്നതെന്നുമായിരുന്നു പ്രചരിച്ച ശബ്ദ സന്ദേശം. ഇതിനെതിരെ എല്‍ഡിഎഫ് തിരൂര്‍ മണ്ഡലം കമ്മിറ്റി തിരൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കല്‍പ്പകഞ്ചേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതേതുടര്‍ന്നായിരുന്നു അറസ്റ്റ്.
ഗോള്‍ഡന്‍ ചിട്ടി ഫണ്ട് തട്ടിപ്പുകേസില്‍ ഗഫൂര്‍ പി ലില്ലീസ് പ്രതിയല്ലെന്നും പ്രസ്തുത സ്ഥാപനവുമായി ഗഫൂറിന് ബന്ധവുമില്ലെന്നും എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. കള്ളപ്രചാരണങ്ങള്‍ക്കെതിരേ ഗഫൂര്‍ പി ലില്ലീസ് തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്.
കല്‍പ്പകഞ്ചേരി പ്രദേശത്ത് ഇപ്പോഴും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കെതിരെ അപവാദപ്രചാരണങ്ങള്‍ തുടരുന്നുണ്ടെന്നു ം ഇതിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it