തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെടിവയ്പ് : വെടിയുണ്ടകളും വയര്‍ലസ് സെറ്റും കണ്ടെടുത്തു

മണ്ണാര്‍ക്കാട്: മാവോവാദികള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വെടിയുണ്ടകള്‍ വനത്തില്‍ നിന്നു കണ്ടെടുത്തതായി പാലക്കാട് ജില്ലാ പോലിസ് സൂപ്രണ്ട് എന്‍ വിജയകുമാര്‍ അറിയിച്ചു. ഞായറാഴ്ച രാത്രി വെടിവയ്പു നടന്ന പള്ളിശ്ശേരി വനത്തില്‍ ചെമ്പുകട്ടിക്കു സമീപത്തു നിന്നാണു വെടിയുണ്ടകളും വയര്‍ലസ് സെറ്റും കണ്ടെടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ആധുനിക തോക്കുകളില്‍ ഉപയോഗിക്കുന്ന രണ്ട് ഉണ്ടകളും പോയിന്റ് 303 എംഎം ബുള്ളറ്റുകളും വയര്‍ലസ് സെറ്റും മറ്റൊരു വയര്‍ലസ് സെറ്റിന്റെ ഏരിയലുമാണ് കണ്ടെടുത്തത്.
ഇന്നലെ രാവിലെ ഏഴോടെയാണ് തണ്ടര്‍ബോള്‍ട്ട് സംഘം മലപ്പുറം എസ്പിയുടെ നേതൃത്വത്തില്‍ കാട്ടില്‍ കയറിയത്. തണ്ടര്‍ബോള്‍ട്ട് സംഘം കാട്ടില്‍ തിരച്ചില്‍ തുടരുകയാണെന്നും ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പോലിസുകാര്‍ക്ക് ആര്‍ക്കും പരിക്കില്ലെന്നും മാവോവാദി സംഘത്തില്‍ ആര്‍ക്കെങ്കിലും പരിക്കുണ്ടോ എന്ന കാര്യം വ്യക്തമല്ലെന്നും എസ്പി അറിയിച്ചു. പോലിസ് 40 റൗണ്ട് വെടിവച്ചതായും മാവോവാദികള്‍ തിരിച്ചും വെടിവച്ചുവെന്നും രണ്ടുമണിക്കൂര്‍ നേരം കാട്ടില്‍ സംഘര്‍ഷം നിലനിന്നുവെന്നും അദ്ദേഹം പറഞ്ഞു.
വനപ്രദേശത്തെ മരങ്ങളില്‍ വെടിയുണ്ടകളേറ്റ പാടുകളുണ്ട്. സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റേഞ്ച് എസ്പി കെ പി വിജയകുമാര്‍, ഷൊര്‍ണൂര്‍ ഡിവൈഎസ്പി സുനീഷ്‌കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലിസെത്തി പരിശോധന നടത്തി. മാവോവാദി സംഘം അമ്പലപ്പാറ മേഖല വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് പോലിസെന്നും എസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it