Pathanamthitta local

തിരുവല്ല നഗരസഭയ്ക്ക് 110.95 കോടിയുടെ ബജറ്റ്

തിരുവല്ല:നഗരസഭയുടെ 2016- 17ലെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ ഏലിയാമ്മ തോമസ് അവതരിപ്പിച്ചു. 110.95 കോടി രൂപാ വരവും 90.26 കോടി രൂപാ ചെലവും 20.69 കോടി രൂപാ നീക്കി ബാക്കിയും പ്രതീക്ഷിക്കുന്നതാണ് ബഡ്ജറ്റ്.
അര്‍ബന്‍ 2020 പദ്ധതി പ്രകാരം നഗരത്തിലെ തിരക്കേറിയ ജങ്ഷനുകളില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ എസ്‌കലേറ്റര്‍ സംവിധാനത്തോടെ ഫുട് ഓവര്‍ ബ്രിഡ്ജ് (മേല്‍പ്പാലം) നിര്‍മ്മിക്കാന്‍ 10 കോടി രൂപ, നഗരത്തിലെ തോടുകളുടെ പുനരുദ്ധാരണത്തിന് 20 കോടി രൂപ എന്നിവയാണ് ബജറ്റിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍. കാട്ടൂക്കര-പാലിയേക്കര റോഡ് ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ നിര്‍മ്മിക്കാന്‍ രണ്ടു കോടി രൂപ വകയിരുത്തി. 15 ചെറിയ പാലങ്ങളുടെ നിര്‍മ്മാണത്തിന് രണ്ടു കോടി ചെലവഴിക്കും. സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്കായും പട്ടികജാതി കോളനികളുടെ വികസനത്തിനായും ഒരു കോടി രൂപ വീതം ചെലവഴിക്കും.
റോഡുകളുടെ അറ്റകുറ്റ രണ്ടു കോടി രൂപയും നീക്കി വച്ചിട്ടുണ്ട്. അത്യാധുനിക ബസ് ടെര്‍മിനല്‍ നിര്‍മ്മിക്കാന്‍ 50 ലക്ഷം, ബി.എസ്.എന്‍.എല്ലിന്റെ സഹകരണത്തോടെ നഗരത്തില്‍ സൗജന്യ വൈഫൈ പദ്ധതിക്ക് 10 ലക്ഷം, ഡി.ടി.പി.സിയുമായി സഹകരിച്ച് ചന്തത്തോട് നവീകരിച്ച് നാലു മണിക്കാറ്റ് പദ്ധതിക്ക് എട്ട് ലക്ഷം, വിശപ്പ് രഹിത നഗരം പദ്ധതിക്ക് അഞ്ചു ലക്ഷം, പാതയോരങ്ങളില്‍ വിശ്രമകേന്ദ്രത്തിന് 25 ലക്ഷം, നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കാന്‍ 32 ലക്ഷം, വനിതാ ക്ഷേമത്തിനും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിനുമായി ഒരു കോടി, അവഗണന നേരിടുന്ന വിഭാഗങ്ങള്‍ക്ക് സാമൂഹ്യ സുരക്ഷിതത്തിനായി വിവിധ പദ്ധതികളിലൂടെ 48.5 ലക്ഷം, ആധുനിക അറവുശാല നിര്‍മ്മിക്കാന്‍ ഒരു കോടി, മാലിന്യ നിര്‍മ്മാര്‍ജനം അനുബന്ധകാര്യങ്ങള്‍ക്കായി 40 ലക്ഷം, രാമപുരം മാര്‍ക്കറ്റ് ഷോപ്പിങ് കോംപ്ലക്‌സിന് 50 ലക്ഷം, വേനല്‍ക്കാലത്ത് സൗജന്യ കുടിവെള്ള വിതരണത്തിനു 25 ലക്ഷം രൂപ, വഴിയോര കച്ചവടക്കാരുടെ പുനരധിവാസത്തിന് 10 ലക്ഷം എന്നീ പദ്ധതികള്‍ക്കും ബജറ്റില്‍ ഇടം കണ്ടു.
നഗരസഭാ ചെയര്‍മാന്‍ കെ വി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് രഞ്ചി സംസാരിച്ചു.
Next Story

RELATED STORIES

Share it