തിരുവമ്പാടി വിട്ടുനല്‍കില്ല: മുസ്‌ലിംലീഗ്

തിരുവനന്തപുരം: താമരശ്ശേരി രൂപതയുടെ എതിര്‍പ്പിനെ മറികടന്ന് തിരുവമ്പാടി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ മുസ്‌ലിംലീഗിന്റെ തീരുമാനം. തിരുവമ്പാടി സീറ്റ് കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ലീഗ് നേതൃത്വം കെപിസിസി പ്രസിഡന്റ് വി എം സുധീരനെ അറിയിച്ചു. ഇന്ദിരാഭവനില്‍ നടന്ന ചര്‍ച്ചയില്‍ ലീഗ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, കെ പി എ മജീദ് പങ്കെടുത്തു. മറ്റ് സീറ്റുകള്‍ വച്ചുമാറുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തിരുവമ്പാടിയിലേക്ക് പാണക്കാട് തങ്ങള്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നതില്‍ വൈകാരിക പ്രശ്‌നങ്ങളുണ്ടെന്നാണ് ലീഗ് നിലപാട്. ഈ സാഹചര്യത്തില്‍ കുന്ദമംഗലം, കുറ്റിയാടി സീറ്റുകള്‍ വച്ചുമാറുന്നത് സംബന്ധിച്ച് മാത്രമാണ് ലീഗ്- കോണ്‍ഗ്രസ് ചര്‍ച്ച നടക്കുന്നത്. കുന്ദമംഗലം കോണ്‍ഗ്രസ്സിന് നല്‍കി ബാലുശ്ശേരി ഏറ്റെടുക്കാനും കുറ്റിയാടിക്ക് പകരം നാദാപുരം വാങ്ങാനുമാണ് ലീഗിന്റെ ആലോചന. അതേസമയം, ആര്‍എസ്പിയുടെ സിറ്റിങ് സീറ്റായ ഇരവിപുരത്തിന് പകരം ലീഗിന് ചടയമംഗലം നല്‍കാമെന്നാണ് കോണ്‍ഗ്രസ് നിലപാട്.
തിരുവമ്പാടിയില്‍ ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉറപ്പുനല്‍കിയതായി താമരശ്ശേരി രൂപത പറയുന്നു. എന്നാല്‍, മുസ്‌ലീംലീഗിനെ പ്രകോപിപ്പിച്ച് സീറ്റ് ഏറ്റെടുക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. സീറ്റുവിഭജന ചര്‍ച്ചയില്‍ ലീഗ് മാന്യത കാട്ടിയ സാഹചര്യത്തില്‍ സ്വന്തംനിലയില്‍ ലീഗ് തിരുവമ്പാടി വിടാന്‍ തയ്യാറാണെങ്കില്‍ മാത്രമേ സീറ്റ് ഏറ്റെടുക്കൂവെന്നാണ് കെപിസിസി നിലപാട്.
താമരശ്ശേരി രൂപതയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്ന് മുസ്‌ലീംലീഗ് കോഴിക്കോട് ജില്ലാ നേതൃത്വവും വ്യക്തമാക്കി. എന്നാല്‍, തിരുവമ്പാടി സീറ്റിനായി താമരശ്ശേരി രൂപതയുടെ പിന്തുണയോടെ മലയോര വികസന സമിതി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ലീഗ് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്നാണ് ഇവരുടെ ആവശ്യം. അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താനാണ് മലയോര വികസനസമിതിയുടെ നീക്കം.
Next Story

RELATED STORIES

Share it