Kerala Assembly Election

തിരുവമ്പാടി: താമരശ്ശേരി ബിഷപിനെതിരേ വിമര്‍ശനവുമായി പോസ്റ്ററുകള്‍

താമരശ്ശേരി: താമരശ്ശേരി ബിഷപിനെയും മലയോര വികസന സമിതിയെയും നിശിതമായി വിമര്‍ശിച്ച് മലയോരമേഖലയില്‍ പോസ്റ്ററുകള്‍ വ്യാപകം. തിരുവമ്പാടി സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് താമരശ്ശേരി രൂപത നടത്തുന്ന ഇടപെടലുകള്‍ക്കെതിരേയാണ് വിശ്വാസികള്‍ രംഗത്തെത്തിയിരിക്കുന്നത്. തിരുവമ്പാടി ടൗണില്‍ മലയോര ജനകീയ സമിതി എന്ന പേരിലും കോടഞ്ചേരി കണ്ണോത്ത് കണ്ണോത്തെ വിശ്വാസികള്‍ എന്ന പേരിലുമാണ് ഫഌക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്.
താമരശ്ശേരി ബിഷപും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളും കക്ഷിരാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സഭയെ കളങ്കപ്പെടുത്തുകയാണെന്ന് കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ ആരോപിച്ചു. അപക്വമായ നിലപാടുകള്‍ സ്വീകരിച്ച് വിശ്വാസികളില്‍ വര്‍ഗീയതയും ദേവാലയങ്ങളില്‍ ഭിന്നതയും സൃഷ്ടിക്കുന്ന താമരശ്ശേരി ബിഷപിനെതിരേ നടപടി സ്വീകരിക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ് തയ്യാറാവണമെന്നും കാത്തലിക് ലേമെന്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
തിരുവമ്പാടി മണ്ഡലം കോണ്‍ഗ്രസ്സിന് നല്‍കണമെന്നും ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള മലയോര വികസന സമിതിയുടെ ഇടപെടലിനെതിരേയാണ് ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്. താമരശ്ശേരി രൂപതയുടെ പിന്തുണയോടെ മലയോര വികസന സമിതിയുടെ പേരില്‍ ഏതാനും പേര്‍ വിശ്വാസികളെ ഉപയോഗിച്ച് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നതായാണ് ആരോപണം. രൂപത ചാന്‍സലര്‍ ഫാ. അബ്രഹാം കാവില്‍ പുരയിടത്തിലിന്റെ നേതൃത്വത്തില്‍ മലയോര വികസനസമിതി മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുകയും തിരുവമ്പാടിയില്‍ ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

[related]
Next Story

RELATED STORIES

Share it