തിരുവമ്പാടിയില്‍ മലയോര വികസന സമിതിയുമായി സിപിഎം സഖ്യത്തിന്

പി എസ് അസൈനാര്‍

മുക്കം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരുവമ്പാടി മണ്ഡലത്തില്‍ ക്രിസ്ത്യന്‍ സഭയുമായി ആഭിമുഖ്യം പുലര്‍ത്തുന്ന മലയോര വികസന സമിതിയുമായി സിപിഎം സഹകരണത്തിനൊരുങ്ങുന്നു. സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സമിതിയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം ജില്ലാ നേതൃത്വം പ്രഖ്യാപിച്ചു. ഇതിനെ സമിതി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
ഇരുകക്ഷികളും അനൗദ്യോഗിക ചര്‍ച്ചകള്‍ തുടങ്ങിയതായാണ് വിവരം. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടുക്കി മോഡല്‍ പരീക്ഷണത്തിന് വഴിയൊരുങ്ങുകയാണു തിരുവമ്പാടിയില്‍. വി എം ഉമറിനെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെതിരേ സഭാനേതൃത്വവും മലയോര വികസന സമിതിയും ഒറ്റക്കെട്ടാണ്. ലീഗിലെ രണ്ടു പ്രബല വിഭാഗങ്ങള്‍ തമ്മിലുള്ള കിടമല്‍സരം ഒഴിവാക്കാനാണ് കൊടുവള്ളി എംഎല്‍എയായ ഉമറിനെ നേതൃത്വം തിരുവമ്പാടിയില്‍ രംഗത്തിറക്കിയത്.
എന്നാല്‍, മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത് കര്‍ഷകനായ ക്രിസ്ത്യാനിയെ മല്‍സരിപ്പിക്കണമെന്നാണ് എതിര്‍പ്പുന്നയിക്കുന്നവരുടെ വാദം. ഇക്കാര്യമുന്നയിച്ച് കോണ്‍ഗ്രസ് സംസ്ഥാനനേതൃത്വത്തെ സമീപിച്ചെങ്കിലും തീരുമാനമുണ്ടായിട്ടില്ല.
2011ലെ പൊതുതിരഞ്ഞെടുപ്പുവേളയില്‍, തിരുവമ്പാടി സീറ്റ് അടുത്ത തവണ കോണ്‍ഗ്രസ്സിന് വിട്ടുനല്‍കാമെന്നു കാണിച്ച് പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയതെന്നു പറയപ്പെടുന്ന കത്ത് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താനുള്ള നീക്കത്തിലാണ് മലയോര വികസനസമിതി. ഇതിനായി സഹകരണ ബാങ്ക് ചെയര്‍മാനായ കെപിസിസി മുന്‍ ഭാരവാഹിയെ സമീപിച്ചിരുന്നു. ഇദ്ദേഹത്തെ സ്ഥാനാര്‍ഥിയാക്കി ഇടതു പിന്തുണ ഉറപ്പാക്കാനായിരുന്നു ശ്രമം. എന്നാല്‍, ഇതു വേണ്ടത്ര വിജയിച്ചില്ല. ഈ സാഹചര്യം മുതലെടുത്ത് മണ്ഡലം പിടിക്കാനുള്ള നീക്കത്തിലാണ് സിപിഎം. മുമ്പ് താമരശ്ശേരി ബിഷപിനെതിരേ പിണറായി വിജയന്‍ നടത്തിയ നികൃഷ്ടജീവി പ്രയോഗവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയും സഭയും അകല്‍ച്ചയിലായിരുന്നു. പുതിയ സാഹചര്യത്തില്‍ അകല്‍ച്ച പൂര്‍ണമായും ഇല്ലാതാക്കാനുള്ള തന്ത്രംകൂടി സിപിഎം നീക്കത്തിനു പിന്നിലുണ്ട്.
മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിനെ സ്ഥാനാര്‍ഥിയാക്കാനാണു സാധ്യത. എന്നാല്‍, പുതുപ്പാടി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ഗിരീഷ് ജോണിനെ നിര്‍ത്തണമെന്നാണ് സമിതിയുടെ ആവശ്യം. തിരുവമ്പാടിയിലെ സ്ഥാനാര്‍ഥിപ്രഖ്യാപനം മലയോര വികസന സമിതിയുടെ വികാരം കൂടി പരിഗണിച്ചായിരിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ പ്രതികരിച്ചു. രൂപതയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it