തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയായില്ല

തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയില്‍ അന്തിമതീരുമാനമായില്ല. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം പാറശ്ശാല, നെയ്യാറ്റിന്‍കര, അരുവിക്കര, വര്‍ക്കല മണ്ഡലത്തിലെ സാധ്യതാപട്ടിക തയ്യാറാക്കാന്‍ ഇന്നലെ ജില്ലാ സെക്രട്ടേറിയറ്റ് ചേര്‍ന്നെങ്കിലും അന്തിമതീരുമാനമായില്ല.
പാറശ്ശാല മണ്ഡലത്തില്‍ സി കെ ഹരീന്ദ്രനെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും നെയ്യാറ്റിന്‍കര, അരുവിക്കര, വര്‍ക്കല മണ്ഡലത്തില്‍ ഒന്നിലധികം പേരുകള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ നാളെ വീണ്ടും യോഗം ചേരും. പാറശ്ശാലയില്‍ ആനാവൂര്‍ നാഗപ്പനെയാണ് സ്ഥാനാര്‍ഥിയായി നേരത്തെ പരിഗണിച്ചത്. എന്നാല്‍, ആനാവൂരിനു ജയസാധ്യതയില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയതിനെ തുടര്‍ന്നാണ് മറ്റൊരാളെ കണ്ടെത്താന്‍ തീരുമാനിച്ചത്. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തു സ്ഥാനാര്‍ഥിയാവുന്നതിനാല്‍ തല്‍സ്ഥാനത്തേക്കു പരിഗണിക്കുന്നതും ആനാവൂരിനെ തഴയാന്‍ കാരണമായി. ഇതോടെയാണ് സി കെ ഹരീന്ദ്രനു നറുക്കുവീണത്.
നെയ്യാറ്റിന്‍കര ഏരിയാ സെക്രട്ടറിയായിരുന്ന ഹരീന്ദ്രന്‍ ജില്ലയില്‍ പാര്‍ട്ടിയുടെ പരിചയസമ്പന്നനായ നേതാവാണ്. നെയ്യാറ്റിന്‍കരയില്‍ യുവനേതാക്കളായ കെ ആന്‍സലന്‍, ബെന്‍ ഡാര്‍വിന്‍ എന്നിവരുടെ പേരുകളാണു പരിഗണനയില്‍. നാടാര്‍ സമുദായത്തിനു പ്രാമുഖ്യമുള്ള മണ്ഡലത്തില്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന സെല്‍വരാജിനെ തളയ്ക്കാന്‍ നാടാര്‍ സമുദായ പ്രതിനിധി തന്നെ വേണമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
കെ ആന്‍സലന്‍ സിപിഎം ഏരിയാ സെക്രട്ടറിയും ബെന്‍ ഡാര്‍വിന്‍ ജില്ലാ പഞ്ചായത്ത് അംഗവും ഡിവൈഎഫ്‌ഐ നേതാവുമാണ്. വര്‍ക്കലയില്‍ നേരത്തെ ആനത്തലവട്ടം ആനന്ദന്റെ പേര് ഉയര്‍ന്നുവന്നെങ്കിലും ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി ബിജു, വി ജോയി എന്നിവരുടെ പേരാണ് പട്ടികയിലുള്ളത്. അരുവിക്കരയില്‍ നേരത്തെ പരിഗണിച്ചിരുന്ന പി ബിജുവിനു പകരം യുവനേതാക്കളായ എം ഷിജുഖാന്‍, എ എ റഹിം, അഡ്വ. എ റഷീദ് എന്നിവരുടെ പേരുകളുമുണ്ട്. അരുവിക്കരയില്‍ മുസ്‌ലിം സ്ഥാനാര്‍ഥിയെയും വര്‍ക്കലയില്‍ ഈഴവ വിഭാഗത്തില്‍പ്പെട്ട സ്ഥാനാര്‍ഥിയെയും പരിഗണിക്കാനാണ് പ്രാഥമിക ധാരണ. കഴക്കൂട്ടത്ത് ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനെയും നേമത്ത് വി ശിവന്‍കുട്ടിയെയും വട്ടിയൂര്‍ക്കാവില്‍ ടി എന്‍ സീമ, കാട്ടാക്കടയില്‍ ഐ ബി സതീഷ്, വാമനപുരത്ത് ഡി കെ മുരളി, ആറ്റിങ്ങലില്‍ ബി സത്യന്‍ എന്നിവരെയും മല്‍സരിപ്പിക്കാന്‍ ധാരണയായിരുന്നു.
Next Story

RELATED STORIES

Share it