തിരുവനന്തപുരത്ത് സാധ്യതാപട്ടിക തയ്യാറായി; മാനദണ്ഡങ്ങളില്‍ ഇളവു വേണമെന്ന് സിപിഎം ജില്ലാ കമ്മിറ്റി

തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള പൊതുമാനദണ്ഡങ്ങളില്‍ ഇളവു നല്‍കണമെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. വി ശിവന്‍കുട്ടി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവരെ മല്‍സരിപ്പിക്കുന്നതിനു വേണ്ടിയാണ് സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടത്. ജില്ലാ സെക്രട്ടറിമാര്‍ മല്‍സരിക്കേണ്ടതില്ലെന്നും സിറ്റിങ് എംഎല്‍എമാരില്‍ ജനപിന്തുണയുള്ളവര്‍ മാത്രം മല്‍സരിച്ചാല്‍ മതിയെന്നും നേരത്തെ സിപിഎം സംസ്ഥാന സമിതി തീരുമാനമെടുത്തിരുന്നു. എന്നാല്‍ കഴക്കൂട്ടത്ത് സിപിഎം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനെ മല്‍സരിപ്പിക്കണമെന്നാണ് പൊതുവേ ഉയര്‍ന്ന അഭിപ്രായം. രണ്ടു തവണ മല്‍സരിച്ചവര്‍ മാറി നില്‍ക്കണമെന്ന മാനദണ്ഡത്തിലും ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. നേമത്ത് സിറ്റിങ് എംഎല്‍എ ആയ വി ശിവന്‍കുട്ടിയെ മല്‍സരിപ്പിക്കുന്നതിനാണിത്.

അതേസമയം, തിരുവനന്തപുരത്ത് സിപിഎം സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി.നേമത്ത് വി ശിവന്‍കുട്ടിയും, കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനും മല്‍സരിക്കും. വട്ടിയൂര്‍ക്കാവില്‍ രാജ്യസഭയില്‍ നിന്നു വിരമിക്കുന്ന ടി എന്‍ സീമ, മുന്‍മേയര്‍ കെ ചന്ദ്രിക എന്നിവരെയാണ് പരിഗണിക്കുന്നത്. കാട്ടാക്കടയില്‍ ഐ ബി സതീഷ്, ജി സ്റ്റീഫന്‍ എന്നിവരെയും അരുവിക്കരയില്‍ ഐ ബി സതീഷ്, വി എസ് സുനില്‍കുമാര്‍, കാട്ടാക്കട ശശി എന്നിവരെയും പരിഗണിക്കും. പാറശ്ശാലയില്‍ ആനാവൂര്‍ നാഗപ്പന്‍, ബെന്‍ ഡാര്‍വിന്‍, ജി സ്റ്റീഫന്‍ എന്നിവരാണ് പട്ടികയിലുള്ളത്. വാമനപുരത്ത് എം വിജയകുമാര്‍, പി ബിജു, ഡി കെ മുരളി എന്നിവരെയും വര്‍ക്കലയില്‍ നിന്നും ആനത്തലവട്ടം ആനന്ദനും ആറ്റിങ്ങലില്‍ നിന്ന് സിറ്റിങ് എംഎല്‍എ ആയ ബി സത്യനും നെയ്യാറ്റിന്‍കരയില്‍ ആന്‍സലന്‍ എന്നിവരുമാണ് സാധ്യകാ പട്ടികയിലുള്ളത്. തിരുവനന്തപുരം മണ്ഡലം ഘടകകക്ഷിയായ കേരളാ കോണ്‍ഗ്രസ്സിനു വേണ്ടിയാണ് മാറ്റിവച്ചിട്ടുള്ളത്. അതേസമയം, ജില്ലയില്‍ ഘടകക്ഷികള്‍ക്കു നല്‍കുന്ന സീറ്റുകളില്‍ വിജയസാധ്യതയുള്ളവ സിപിഎം ഏറ്റെടുക്കണമെന്നു ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it