തിരുവനന്തപുരത്ത് വന്‍ കഞ്ചാവ് വേട്ട: റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് 45 കിലോ കഞ്ചാവ് പിടികൂടി

തിരുവനന്തപുരം: തലസ്ഥാനത്ത് വന്‍ കഞ്ചാവുവേട്ട. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് 45 കിലോ കഞ്ചാവ് പിടികൂടി. ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ സാരിയില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കഞ്ചാവ് പാക്കറ്റുകള്‍ കണ്ടെത്തിയത്. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെ റെയില്‍വേ പോലിസും ആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് ആരെയും പിടികൂടിയിട്ടില്ല. റെയില്‍വേ സിഐ പ്രദീപിന്റെ നേതൃത്വത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ കുറച്ചു കാലങ്ങളായി റെയില്‍വേ കേന്ദ്രീകരിച്ച് കഞ്ചാവ് കടത്തും മദ്യക്കടത്തും വ്യാപകമാണ്. ഇതേത്തുടര്‍ന്ന് റെയില്‍വേ പോലിസ് നിരന്തരമായി പരിശോധന നടത്തിവരുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍നിന്നാണ് വ്യാപകമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതെന്ന് റെയില്‍വേ സിഐ അറിയിച്ചു. കര്‍ശന പരിശോധനയുള്ളതിനാല്‍ പലതും പുറത്തെത്തിക്കാന്‍ കഴിയാതെ വരുമ്പോഴാണ് ഉപേക്ഷിച്ചുപോവുന്നത്. നേരത്തേ കഞ്ചാവ് കടത്തുകേസുകളില്‍ പിടിയിലായവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. നിലവിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ റെയില്‍വേ സ്‌റ്റേഷനില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it