തിരുവനന്തപുരത്തും കാസര്‍കോട്ടും യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്: കോടിയേരി

കൊച്ചി: തിരുവനന്തപുരത്തും കാസര്‍കോട്ടും യുഡിഎഫ്-ബിജെപി അവിശുദ്ധ കൂട്ടുകെട്ട് രൂപം കൊണ്ടിരിക്കുകയാണെന്നും വോട്ടുകള്‍ മറിച്ചു നല്‍കാന്‍ ഇരുവരും ധാരണയിലെത്തിയിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എറണാകുളം പ്രസ് ക്ലബ്ബിന്റ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിന്റെ ഭാഗമായാണ് കാസര്‍കോട്ടെ ഉദുമയില്‍ കെ സുധാകരനും മഞ്ചേശ്വരത്ത് ബിജെപി നേതാവായ സുരേന്ദ്രനും മല്‍സരിക്കുന്നത്. ഉദുമയില്‍ ബിജെപി വോട്ട് സുധാകരനും മഞ്ചേശ്വരത്ത് കോണ്‍ഗ്രസ് വോട്ട് സുരേന്ദ്രനും നല്‍കാനാണ് നീക്കം. തിരുവനന്തപുരത്ത് മല്‍സരിക്കുന്ന മന്ത്രി ശിവകുമാറിനെ ജയിപ്പിക്കാന്‍ വേണ്ടിയാണ് അവിടെ ബിജെപിക്കാരാരും അംഗീകരിക്കാത്ത ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്. അവിടുത്തെ ബിജെപി വോട്ട് ശിവകുമാറിനു ലഭിക്കും. നേമം മണ്ഡലത്തില്‍ യുഡിഎഫ് സുരേന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചതു രാജഗോപാലിനെ വിജയിപ്പിക്കുന്നതിനാണ്. നേമത്തെ കോണ്‍ഗ്രസ് വോട്ട് സുരേന്ദ്രന്‍പിള്ളയ്ക്കു ലഭിക്കില്ലെന്ന് ഉറപ്പാണ്.
വോട്ടര്‍പ്പട്ടികയില്‍ വ്യാപകമായ കൃത്രിമം കാണിക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടു ശ്രമം നടത്തുന്നുണ്ടെന്നും കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. കോണ്‍ഗ്രസ്സിന്റെ ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിത്.
എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറപ്പിക്കുമെന്നതു യുഡിഎഫിന്റെ കള്ളപ്രചാരണമാണ്. ബാറുകള്‍ പൂട്ടിയതിനെ സിപിഎം സ്വാഗതം ചെയ്തിട്ടുള്ളതാണ്. പൂട്ടിയ ബാറുകള്‍ തുറന്നു കൊടുക്കുമെന്നു സിപിഎം ഒരിക്കലും പറഞ്ഞിട്ടില്ല.
മദ്യത്തിന്റെ ലഭ്യത ഇപ്പോഴത്തേക്കാള്‍ കുറച്ചുകൊണ്ടു വരുന്നതിനു സഹായക—മായ നടപടിയാണ് ഇടതുപക്ഷം സ്വീകരിക്കുകയെന്നും കോടിയേരി വ്യക്തമാക്കി.
നിയമസഭയില്‍ ആര്‍എസ്എസ് കാലുകുത്തിയാല്‍ കേരളത്തിന്റെ മതനിരേപക്ഷത തകര്‍ക്കപ്പെടുമെന്നും കേന്ദ്രഭരണം ഉപയോഗിച്ചു കേരളത്തില്‍ കാലുകുത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും എറണാകുളം ടൗണ്‍ഹാളില്‍ ഇടതുപക്ഷ യുവജന സംഘടനകളുടെ സംസ്ഥാന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു. തിരഞ്ഞടുപ്പില്‍ ഏങ്ങനെയും അക്കൗണ്ട് തുറക്കണമെന്ന ആഗ്രഹത്തിലാണ് ബിജെപിയെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it