തിരുവനന്തപുരം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധം: വി സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വിട്ടു; നേമത്ത് ജെഡിയു സ്ഥാനാര്‍ഥി

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് കേരളാ കോണ്‍ഗ്രസ്സില്‍ വീണ്ടും പിളര്‍പ്പ്. എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗം നേതാവ് വി സുരേന്ദ്രന്‍ പിള്ള പാര്‍ട്ടിയിലെ മുഴുവന്‍ സ്ഥാനങ്ങളും രാജിവച്ചു. ഇദ്ദേഹത്തോടൊപ്പം നാലു ജനറല്‍ സെക്രട്ടറിമാരും മറ്റു മൂന്നു സംസ്ഥാന നേതാക്കളും കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, തൃശൂര്‍, പാലക്കാട്, തിരുവനന്തപുരം, കൊല്ലം ജില്ലാ ഭാരവാഹികളും തിരുവനന്തപുരം ജില്ലയിലെ പോഷകസംഘടനാ ഭാരവാഹികളും രാജിവച്ചിട്ടുണ്ട്.
തിരുവനന്തപുരത്ത് ചേര്‍ന്ന കമ്മിറ്റിക്കു ശേഷമാണ് പാര്‍ട്ടി വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വിജയസാധ്യതയുള്ള സീറ്റുകള്‍ ലഭിച്ചില്ലെന്ന സുരേന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയ്‌ക്കെതിരേ ചെയര്‍മാന്‍ സ്‌കറിയാ തോമസ് പരസ്യമായി രംഗത്തെത്തിയതോടെ പൊട്ടിത്തെറി മറനീക്കുകയായിരുന്നു. തിരുവനന്തപുരം സീറ്റ് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിനു നല്‍കിയതും രാജിക്കു കാരണമായി.
സുരേന്ദ്രന്‍ പിള്ള ജെഡിയു സ്ഥാനാര്‍ഥിയായി നേമത്ത് ജനവിധി തേടും. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടന്നു. പിള്ളയെ ജെഡിയു പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി സുരേന്ദ്രന്‍ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. ഈമാസം 5ന് ചേരുന്ന സംസ്ഥാന കണ്‍വന്‍ഷനില്‍ ചാരുപാറ രവിയും ജെഡിയു നേതാവ് വര്‍ഗീസ് ജോര്‍ജും പങ്കെടുക്കും. തുടര്‍ന്ന് ജെഡിയു സംസ്ഥാന നേതൃയോഗം ചേര്‍ന്ന് സുരേന്ദ്രന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഇടതുമുന്നണി തങ്ങളെ ഇരുട്ടില്‍ നിര്‍ത്തിയെന്നും കടുത്ത വഞ്ചന പ്രതീക്ഷിച്ചില്ലെന്നും സുരേന്ദ്രന്‍ പിള്ള പ്രതികരിച്ചു. വിജയസാധ്യതയുള്ള ഒരു സീറ്റുപോലും കിട്ടിയില്ല. ലഭിച്ച കടുത്തുരുത്തി സീറ്റ് ആഗ്രഹിച്ച സീറ്റല്ല. സ്‌കറിയാ തോമസിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ അറിവില്ലായ്മയാണു കാണിക്കുന്നത്. എതിരാളികളുടെ പണം വാങ്ങി മല്‍സരിച്ച പാരമ്പര്യമുള്ളവര്‍ക്ക് ഏതു സീറ്റ് കിട്ടിയാലും ഉളുപ്പുണ്ടാവില്ല. അതിനാല്‍, ആ സീറ്റില്‍ മല്‍സരിച്ചു ജയിക്കാമെന്ന ചെയര്‍മാന്റെ ആഗ്രഹം അസ്ഥാനത്താണെന്ന് മെയ് 19ഓടെ മനസ്സിലാവുമെന്നും പിള്ള കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it