തിരുനെല്‍വേലി അപകടം: പരിക്കേറ്റ 4 മലയാളികളുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: തിരുനെല്‍വേലിക്കടുത്ത് വള്ളിയൂര്‍ പനല്‍ഗുഡിയിലുണ്ടായ ബസ്സപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലുള്ളവരില്‍ നാലു മലയാളികളുടെ നില ഗുരുതരമായി തുടരുന്നു. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. വിഴിഞ്ഞം സ്വദേശി സാവിയോ, കൊച്ചുതോപ്പ് സ്വദേശിനി ജെനി രാജു, നാലു വയസ്സുകാരി പൊന്നു, വലിയതുറ സ്വദേശി സാജന്‍ വര്‍ഗീസ് എന്നിവരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.
ഇതോടൊപ്പം എട്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജിലും മൂന്നു കുട്ടികള്‍ എസ്എടി ആശുപത്രിയിലും ചികില്‍സയിലാണ്. കൊച്ചുതുറ സ്വദേശി സില്‍വോറി (30), പൂവാര്‍ സ്വദേശികളായ ജോസഫ് ഹിലാരി (51), ഹെലന്‍ ഹിലാരി (48), വലിയതുറ സ്വദേശികളായ പ്രിന്‍സി സാജന്‍ (32), അരുണ്‍ ജെയിംസ് (30), സോണിയ ജോസ് (29), നിതിന്‍ സാജന്‍ (3), ഏലിയാമ്മ ബസല്‍ (53) എന്നിവരാണ് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ളത്. വലിയതുറ സ്വദേശികളായ നവീന്‍ (മൂന്നര), നിതി (2), കന്യാകുമാരി സ്വദേശി ആരോണ്‍ ബിജു (നാലര) എന്നിവരാണ് എസ്എടിയില്‍ ചികില്‍സയിലുള്ളത്.
അഞ്ചു പേരുടെ മരണത്തിനു പുറമേ 28 പേരാണ് പരിക്കേറ്റ് ആശാരിപ്പള്ളത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികില്‍സ തേടിയത്. ഇവരില്‍ 11 പേരെ ഇന്നലെയാണ് തിരുവനന്തപുരത്തെ ആശുപത്രികളിലേക്കു കൊണ്ടുവന്നത്. അതേസമയം, മരിച്ച തിരുവനന്തപുരം വലിയതുറ സ്വദേശികളായ ദമ്പതികളുടെയും കൊച്ചുതുറ സ്വദേശി ലിയോയുടെ മകന്‍ സുജിയുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
നവദമ്പതികളായ വിനോദിന്റെയും ഭാര്യ ആന്‍സിയുടെയും സംസ്‌കാരം വലിയതുറ പള്ളി സെമിത്തേരിയിലാണ് നടന്നത്. ആറു ദിവസം മുമ്പ് ഇരുവരുടെയും വിവാഹം നടന്നതും ഈ പള്ളിയില്‍ തന്നെയായിരുന്നു. കൊച്ചുതുറ സ്വദേശി ലിയോയുടെ മകന്‍ അഞ്ചു വയസ്സുകാരന്‍ സുജിയെ കൊച്ചുതുറ പള്ളി സെമിത്തേരിയിലാണ് സംസ്‌കരിച്ചത്. കൊല്ലം സ്വദേശികളായ നിഷയുടെയും മകന്‍ അല്‍റോയിയുടെയും സംസ്‌കാരം മുദാക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ ഇന്നു രാവിലെ 11നു നടക്കും. വെള്ളിയാഴ്ച പുലര്‍ച്ച 5.30നാണ് ഇരുസംസ്ഥാനങ്ങളെയും നടുക്കിയ ബസ്സപകടം നടന്നത്.
Next Story

RELATED STORIES

Share it