തിരുനെല്‍വേലിക്കടുത്ത് സ്വകാര്യബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞു 5 മലയാളികളടക്കം 9 മരണം

തിരുനെല്‍വേലി: വേളാങ്കണ്ണിയില്‍ നിന്നു തിരുവനന്തപുരത്തേക്കു വരുകയായിരുന്ന സ്വകാര്യ ബസ് തിരുനെല്‍വേലിക്കടുത്ത് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞ് അഞ്ചു മലയാളികള്‍ ഉള്‍പ്പെടെ ഒമ്പതു പേര്‍ മരിച്ചു. 28 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാലു പേരുടെ നില അതീവ ഗുരുതരമാണ്. ഇതില്‍ രണ്ടു പേര്‍ മലയാളികളാണ്. പരിക്കേറ്റവര്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളജിലും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്.
തിരുവനന്തപുരം കൊച്ചുതുറ സ്വദേശി ലിയോയുടെ മകന്‍ സുജിന്‍ (6), കൊല്ലം മുദാക്കര ബിന്ദുസദനത്തില്‍ മേരി നിഷ(33), ഒന്നരവയസ്സുള്ള മകന്‍ അല്‍റോയ്, തിരുവനന്തപുരം വലിയതുറ സ്വദേശി വിനോദ് (31), ഭാര്യ ആന്‍സി (27) എന്നിവരാണ് മരിച്ച മലയാളികള്‍. കന്യാകുമാരി സ്വദേശികളായ എഡ്വിന്‍ മൈക്കിള്‍ (32), ജിമ്മി, ഗുജറാത്ത് സ്വദേശികളായ അന്‍സിലോ (26), സഹോദരി അഞ്ജലി (19) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍.
നാഗര്‍കോവില്‍-തിരുനെല്‍വേലി ദേശീയപാതയില്‍ വള്ളിയൂരിനു സമീപം പനക്കുടി ബ്ലാക്കോട്ടേപ്പാറയില്‍ ഇന്നലെ പുലര്‍ച്ചെ 5.30നായിരുന്നു അപകടം. യൂനിവേഴ്‌സല്‍ എന്ന ലക്ഷ്വറി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. മറിഞ്ഞ ബസ് ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി.
ഏഴു പേര്‍ സംഭവസ്ഥലത്തും രണ്ടു പേര്‍ തിരുനെല്‍വേലി ജില്ലാ ആശുപത്രിയിലുമാണ് മരിച്ചത്. അഞ്ചു ദിവസം മുമ്പാണ് ആന്‍സിയുടെയും വിനോദിന്റെയും വിവാഹം കഴിഞ്ഞത്. 19 മലയാളികള്‍ അടക്കം 38 പേരായിരുന്നു ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ കൂടുതലും തിരുവനന്തപുരത്തിന്റെ തീരദേശങ്ങളില്‍ നിന്നു വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയവരാണ്. തെരേസ, നവീന്‍ ഷാജി, നിതി വര്‍ഗീസ്, സാജന്‍ വര്‍ഗീസ്, പ്രിന്‍സി സാജന്‍, അരുണ്‍ ജെയിംസ്, സോണിയ ജോസഫ് എന്നിവരാണ് പരിക്കേറ്റ തിരുവനന്തപുരം വലിയതുറ സ്വദേശികള്‍. ഇതില്‍ സാജന്‍ വര്‍ഗീസിന്റെ നില ഗുരുതരമാണ്. കൊല്ലം സ്വദേശി ബിജുവിന്റെ ഭാര്യയാണ് മരിച്ച മേരി നിഷ. ഗുരുതരമായി പരിക്കേറ്റ ബിജു(40)വും മകന്‍ ആരനും(6) പാളയംകോട്ട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. വിദേശത്തുനിന്ന് അവധിക്ക് നാട്ടിലെത്തിയ ബിജുവും കുടുംബവും ഈ മാസം അഞ്ചിനാണ് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിനു പോയത്. പാളയംകോട്ട ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മേരി നിഷയുടെയും മകന്‍ അല്‍റോയിയുടെയും മൃതദേഹങ്ങള്‍ ഇന്നലെ രാത്രി കൊല്ലത്തെത്തിച്ചു. ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാളെ രാവിലെ 11ന് മുദാക്കര സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച് സെമിത്തേരിയില്‍ സംസ്‌കരിക്കും.
മരിച്ച ഗുജറാത്ത് സ്വദേശികളുടെ മാതാപിതാക്കളും പരിക്കേറ്റവരില്‍പ്പെടുന്നു. അപകടത്തെ തുടര്‍ന്ന് തിരുനെല്‍വേലി-നാഗര്‍കോവില്‍ നാലുവരിപ്പാതയില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ബസ് അമിതവേഗത്തിലായിരുന്നു എന്നു റിപോര്‍ട്ടുകളുണ്ട്.
അപകടം നടന്നത് വിജനമായ പ്രദേശത്തായതാണ് മരണസംഖ്യ ഉയരാനിടയാക്കിയത്. അപകടത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള മെഡിക്കല്‍ സംഘവും തിരുവനന്തപുരം കലക്ടറും സംഭവസ്ഥലത്തെത്തിയിരുന്നു. മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുവന്നു. പരിക്കേറ്റു ചികില്‍സയില്‍ കഴിയുന്നവര്‍ക്കും മരണപ്പെട്ടവരുടെ കുടുംബത്തിനും എല്ലാ സഹായങ്ങളും ചെയ്യുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
Next Story

RELATED STORIES

Share it