wayanad local

തിരുനെല്ലിയിലെത്തിയ മാവോവാദി സംഘത്തെ കണ്ടെത്താന്‍ പോലിസിന്റെ വ്യാപക തിരച്ചില്‍

മാനന്തവാടി: വോട്ട് ബഹിഷ്‌കരണാഹ്വാനവുമായി തിരുനെല്ലിയിലെത്തിയ മാവോവാദി സംഘത്തെ കണ്ടെത്താന്‍ പോലിസ് വ്യാപക തിരച്ചില്‍ നടത്തി. ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ ഇന്നലെ രാവിലെ ഏഴോടെ തിരുനെല്ലിയിലെത്തി തണ്ടര്‍ബോള്‍ട്ടിനെ നിയോഗിച്ച് തിരച്ചിലിന് നേതൃത്വം നല്‍കി. തിരുനെല്ലിയില്‍ നിന്നു രക്ഷപ്പെടാന്‍ സാധ്യതയുള്ള കര്‍ണാടക, കേളകം, കുഞ്ഞോം വനമേഖലകളിലാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയത്. രാത്രിയോടെ തിരച്ചില്‍ നിര്‍ത്തിയെങ്കിലും അതീവ ജാഗ്രതയോടെ പോലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് തിരുനെല്ലി എരുവക്കി കവലയില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെട്ട ആയുധധാരികളായ ഏഴംഗ മാവോസംഘമെത്തിയത്. ഈ സമയത്ത് കവലയിലുണ്ടായിരുന്ന 300ഓളം പ്രദേശവാസികളുമായി സംസാരിക്കുകയും മാവോവാദി പ്രസിദ്ധീകരണമായ കാട്ടുതീയുടെ പഴയതും പുതിയതുമായ ലക്കങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് 'ഈ തിരഞ്ഞെടുപ്പ് നമ്മുടേതല്ല, തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുക, തിരുനെല്ലിയിലെ ആഭാസ ടൂറിസത്തിനെതിരേ പ്രതികരിക്കുക' തുടങ്ങിയ എഴുത്തുകളടങ്ങിയ പോസ്റ്ററുകള്‍ കവലയിലെ കടയുടെ ചുമരുകളില്‍ പതിച്ചു. പലവ്യഞ്ജനങ്ങള്‍ വാങ്ങി 70 രൂപ നല്‍കിയ ശേഷമാണ് ഇവര്‍ കവലയില്‍ നിന്നു പോയത്. 15 മിനിറ്റോളം ഇവര്‍ കവലയിലുണ്ടായിരുന്നു. മുദ്രാവാക്യം മുഴക്കിയാണ് ഗുണ്ടികപ്പറമ്പ് എരുവക്കി കോളനി വഴി ഇവര്‍ കാട്ടിലേക്ക് മറഞ്ഞത്.
കവലയില്‍ നിന്നു പോയ ഉടന്‍തന്നെ നാട്ടുകാരില്‍ ചിലര്‍ പോലിസിനെ വിവരമറിയിച്ചെങ്കിലും ഒന്നര മണിക്കൂറോളം വൈകിയാണ് സ്ഥലത്തെത്തിയത്. തിരുനെല്ലി സ്‌റ്റേഷനില്‍ നിന്നു കേവലം 10 മിനിറ്റ് കൊണ്ട് എത്താവുന്ന അകലത്തിലായിട്ടും പോലിസ് ജാഗ്രത കാട്ടിയില്ലെന്ന് ആരോപണമുണ്ട്.
രൂപേഷിന്റെയും അനൂപിന്റെയും അറസ്റ്റിനു ശേഷം രണ്ടാം തവണയാണ് ജില്ലയില്‍ മാവോവാദി സാന്നിധ്യം സ്ഥിരീകരിക്കുന്നത്.
ആറു മാസം മുമ്പ് തലപ്പുഴ മക്കിമല കോളനിയിലായിരുന്നു മാവോവാദി സംഘം ഇതിനു മുമ്പ് എത്തിയത്. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ പോലിസ് സംഘം പ്രദേശങ്ങളിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മാവോവാദികളുടെ ദൃശ്യങ്ങള്‍ കണ്ടെത്താനായില്ല.
Next Story

RELATED STORIES

Share it