Fortnightly

തിരിച്ചറിവുകള്‍

തിരിച്ചറിവുകള്‍
X
കവിത/എ.ബി.എസ്.

thiicharivu

അക്കങ്ങള്‍ക്ക് പെരുമ്പറയുടെ മേളപ്പെരുക്കമായിരുന്നു
പതിനഞ്ച്... പതിനാറ്... ഇരുപത്... എന്നിങ്ങനെ
കരപറ്റിയ ജഡങ്ങളുടെ കണക്കെടുപ്പ് കോലാഹലം
ഒരുണര്‍ത്തു പാട്ടിന്റെ ഭാവം പൂണ്ടു
സുഷുപ്തിയുടെ ഗാഢതയില്‍നിന്നവന്‍ മുഖം കുടഞ്ഞു
തഴുകിത്തലോടിയ ഓളങ്ങളവന്ന്
മുലപ്പാലിന്റെ ഗന്ധം പകര്‍ന്നു
ജ്ഞാനസ്‌നാനത്തിന്റെ പുണ്യം നുകര്‍ന്നവന്‍
സാഷ്ടാംഗത്തിന്റെ ലഹരിയിലമര്‍ന്നു.
ഓളപ്പരപ്പില്‍നിന്നൊഴുകിയെത്തി കാറ്റ്
ഇന്ദ്രിയങ്ങളുടെ കെട്ടുകളഴിച്ചവനെ ഞെക്കിയെടുത്ത്
അറിവിന്റെ; കാഴ്ചകളുടെ സ്വാതന്ത്ര്യത്തിലേക്ക്
തിരിച്ചറിവിന്റെ ചക്രവാളങ്ങളിപ്പോള്‍
വെഞ്ചരിക്കപ്പെട്ടിരിക്കുന്നു.
ഒടുങ്ങാത്ത പുകച്ചുരുളുകള്‍
ആര്‍ത്തനാദങ്ങളടക്കം ചെയ്ത കരിമ്പാറക്കെട്ടുകളായി
നക്ഷത്രങ്ങളെ മറക്കുന്നതും
പാതി ചത്ത പത്തേമാരികളില്‍ മരണം
ഒളിച്ചു കടത്തപ്പെടുന്നതും,
ശബ്ദമില്ലാത്ത മുദ്രാവാക്യങ്ങള്‍ക്ക് പിറകേ
വിപ്ലവം മുട്ടിലിഴയുന്നതും,
അതിജീവനത്തിന്റെ വഴിത്താരകളില്‍
മുള്‍കമ്പികള്‍ അസുര നൃത്തമാടുന്നതും,
മേധാവിത്വത്തിന്റെ അടുക്കളക്കെട്ടില്‍ ചര്‍ച്ചകള്‍ കനക്കവേ
മനുഷ്യകുലത്തെ അതിജയിച്ച്
പട്ടിയും, പോത്തും, പെരുച്ചാഴിയും
വിശുദ്ധരാക്കപ്പെടുന്നതും
അനുതാപത്തിന്റെ പുഞ്ചിരിപ്പടമൊട്ടിച്ച മുഖങ്ങള്‍ക്ക്
താഴെ കുടവയറുകള്‍ കുലുങ്ങിച്ചിരിക്കുന്നതും
നിരയൊപ്പിച്ച കൃത്രിമപല്ലുകള്‍ക്കിയടില്‍നിന്ന്
ഒളിപ്പിച്ചുവെച്ച തേറ്റകള്‍ പുറത്തേക്കിടയ്ക്കിടെ
ഒളിഞ്ഞു നോക്കുന്നതും
പടിവാതിലിലിരുന്ന് ഐലന്‍ വിളിച്ചു പറഞ്ഞു
ഇതാ എന്റെ രക്തം
നീതിപൂര്‍വ്വം പകുത്തെടുക്കുക!!

Next Story

RELATED STORIES

Share it