തിരിച്ചടി നേരിട്ടാല്‍ ഉത്തരവാദിത്തം മൂന്നുപേര്‍ക്കും: ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കെപിസിസി പ്രസിഡന്റ് വി എം സുധീരനും തനിക്കുമാണ് ഉത്തരവാദിത്തമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തങ്ങള്‍ മൂവരും ഒന്നിച്ചാണു കോണ്‍ഗ്രസ്സിനെ നയിക്കുന്നത്. അതിനാല്‍ ഗുണമായാലും ദോഷമായാലും മൂന്നുപേരും ഉത്തരവാദികളാണ്.
ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച എല്ലാ സ്ഥാനാര്‍ഥികള്‍ക്കും വേണ്ടി എല്ലാ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തനരംഗത്തുണ്ടാവും. സ്ഥാനാര്‍ഥിപ്പട്ടിക വരുംമുമ്പ് പല അഭിപ്രായങ്ങളും ഉണ്ടാവാറുണ്ടെങ്കിലും വന്നുകഴിഞ്ഞാല്‍ എല്ലാവരും ഒറ്റക്കെട്ടാണെന്നും സ്വകാര്യ വാര്‍ത്താ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ചെന്നിത്തല പറഞ്ഞു.
ചില പ്രത്യേക ഘട്ടങ്ങളിലൂടെയാണു സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്. അതിനിടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവും. അപ്പോള്‍ കാലതാമസമുണ്ടായെന്നുകരുതി പാര്‍ട്ടിയുടെ തിളക്കം നഷ്ടപ്പെടുമെന്നു പറയുന്നത് ശരിയല്ല. ഐ ഗ്രൂപ്പിന്റെ സ്ഥാനം എവിടെയാണെന്ന് സ്ഥാനാര്‍ഥികളെ പരിശോധിച്ചാല്‍ മനസ്സിലാവും. അടൂര്‍ പ്രകാശിന്റെ കാര്യത്തില്‍ തന്റെയും മുഖ്യമന്ത്രിയുടെയും നിലപാട് ഒന്നുതന്നെയാണ്. ആരോപണങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ പറ്റില്ല. അങ്ങനെയാണെങ്കില്‍ ഇവിടെ പിണറായി വിജയനോ വിഎസിനോ മല്‍സരിക്കാന്‍ കഴിയുമോ? അതേസമയം, അടൂര്‍ പ്രകാശ് ഇപ്പോള്‍ ഏത് ഗ്രൂപ്പിലാണെന്ന ചോദ്യത്തിന് അദ്ദേഹം മുമ്പ് എവിടെയായിരുന്നോ അവിടെ തന്നെയാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
കേരളത്തിലെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പ്രതിപക്ഷം ഏറ്റവും നിര്‍ജീവമാണ്. ആരെങ്കിലും ഉയര്‍ത്തിക്കൊണ്ടുവന്ന അഴിമതിയാരോപണം ഏറ്റുപിടിക്കുക മാത്രമാണ് അവര്‍ ചെയ്തത്. കെപിസിസി പ്രസിഡന്റും സര്‍ക്കാരും തമ്മില്‍ കാലുഷ്യത്തിന്റെ അന്തരീക്ഷമില്ല. എല്ലാം ചര്‍ച്ചചെയ്ത് ഏകാഭിപ്രായത്തിലാണു നില്‍ക്കുന്നത്.
പല വിഷയത്തിലും മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും തനിക്കും വ്യത്യസ്ത നിലപാടുകളുണ്ട്. അതു സ്വാഭാവികമാണ്. വിദ്വേഷമായി ഇതിനെ കാണേണ്ടതില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേതല്ല, മറിച്ച് യുഡിഎഫിന്റെ വിലയിരുത്തലാവുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
Next Story

RELATED STORIES

Share it