തിരിച്ചടിച്ച് ഇന്ത്യപിടിമുറുക്കി

മൊഹാലി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു. ഒന്നാംദിനത്തിലെ മോശം ബാറ്റിങിന് മികച്ച ബൗളിങിലൂടെ തിരിച്ചടിച്ചാണ് ഇന്ത്യ മല്‍സരത്തിലേക്ക് തിരിച്ചുവന്നത്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 201നു മറുപടിയില്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിങ്‌സ് 184ല്‍ അവസാനിച്ചു. 17 റണ്‍സിന്റെ നേരിയ ലീഡുമായി രണ്ടാമിന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 125 റണ്‍സെടുത്തു. എട്ടു വിക്കറ്റുകള്‍ ശേഷിക്കെ ആതിഥേയര്‍ക്ക് ഇപ്പോള്‍ 142 റണ്‍സിന്റെ ലീഡുണ്ട്. ചേതേശ്വര്‍ പുജാരയ്‌ക്കൊപ്പം (63*) ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയാണ് (11*) ക്രീസിലുള്ളത്. മുരളി വിജയ് (47), ശിഖര്‍ ധവാന്‍ (0) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്.നേരത്തേ ആര്‍ അശ്വിന്റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചുകൊണ്ടുവന്നത്. 24 ഓവറില്‍ അഞ്ചു മെയ്ഡനടക്കം 51 റണ്‍സ് വഴങ്ങിയാണ് അശ്വിന്‍ അഞ്ചുപേരെ പുറത്താക്കിയത്. രവീന്ദ്ര ജ ഡേജ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അമിത് മിശ്രയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു. 63 റണ്‍സെടുത്ത എബി ഡിവില്ലിയേഴ്‌സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ഹാഷിം അംല (43), ഡീന്‍ എല്‍ഗര്‍ (37) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഡിവില്ലിയേഴ്‌സ് 83 പന്തില്‍ ആറു ബൗണ്ടറികളോടെയാണ് 63 റണ്‍സ് നേടിയത്.
Next Story

RELATED STORIES

Share it