തിരിച്ചടികളില്‍ നിന്ന് പാഠങ്ങള്‍

തിരിച്ചടികളില്‍ നിന്ന് പാഠങ്ങള്‍
X
slug-union-budgetബിഹാറിലെ തിരഞ്ഞെടുപ്പ് തിരിച്ചടികളില്‍നിന്നു കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ചില കടുത്ത പാഠങ്ങള്‍ പഠിക്കുകയുണ്ടായി എന്നതിന് ഏറ്റവും വലിയ തെളിവാണ് ഫെബ്രുവരിയിലെ അവസാന ദിവസം അരുണ്‍ ജെയ്റ്റ്‌ലി ലോക്‌സഭയില്‍ അവതരിപ്പിച്ച ബജറ്റ്. തന്റെ മൂന്നാമത് ബജറ്റ് ഏറെസമയം നിന്നും പിന്നീട് ഇരുന്നുമാണ് 63കാരനായ ധനമന്ത്രി അവതരിപ്പിച്ചത്. അതിനിടയില്‍ അദ്ദേഹം ധാരാളം വെള്ളവും കുടിച്ചു. പ്രമേഹരോഗിയായ ധനമന്ത്രിക്ക് ഒന്നരമണിക്കൂറിലേറെ നീണ്ടുനിന്ന ബജറ്റ് വായന വളരെ ആയാസകരമായ ഒരനുഭവം തന്നെയായിരുന്നിരിക്കണം. എന്നിരുന്നാലും പൊതുവില്‍ സാധാരണ ജനങ്ങള്‍ക്ക് ആശ്വാസവും സന്തോഷവും പ്രദാനംചെയ്യുന്ന ഒരുപാടു ഘടകങ്ങള്‍ തന്റെ ബജറ്റില്‍ അദ്ദേഹം കരുതിവച്ചിരുന്നു എന്നത് വാസ്തവമാണുതാനും.
ഇന്ത്യയിലെ കോര്‍പറേറ്റ് സാമ്പത്തികശക്തികളുടെ കണ്ണിലുണ്ണിയായാണ് നരേന്ദ്രമോദി അധികാരത്തിലെത്തിയത്. അവരുടെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആദ്യവര്‍ഷം പൂര്‍ണമായും വിദേശരാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി വന്‍തോതില്‍ വിദേശനിക്ഷേപം രാജ്യത്തേക്ക് ആകര്‍ഷിച്ച് വികസനരംഗത്ത് കുതിപ്പുണ്ടാക്കുക എന്ന നയപരിപാടി നടപ്പാക്കാനാണ് വിനിയോഗിച്ചതും. വിദേശ മൂലധന നിക്ഷേപം ആകര്‍ഷിക്കുന്നതിനു കഴിഞ്ഞ ബജറ്റില്‍ കോര്‍പറേറ്റ് നികുതിനിരക്ക് 30 ശതമാനത്തില്‍നിന്ന് 25 ശതമാനമായി കുറയ്ക്കുകയും ചെയ്തു. ഇത്തവണയും നികുതിനിരക്കുകള്‍ കൂടുതല്‍ ലളിതമാക്കാനും സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതും ബിസിനസ് നടത്തുന്നതും കൂടുതല്‍ എളുപ്പമാക്കാനും ധനമന്ത്രി നിരവധി നിര്‍ദേശങ്ങള്‍ ബജറ്റില്‍ അവതരിപ്പിക്കുന്നുണ്ട്. അത്തരം നടപടികളിലൂടെ രാജ്യത്തെ പുതിയ സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ മൂലധനശക്തികള്‍ തയ്യാറാവുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പ്രകടിപ്പിക്കുന്നത്.
പക്ഷേ, സ്വദേശത്തെയോ വിദേശത്തെയോ കോര്‍പറേറ്റ് കമ്പനികള്‍ ജനപിന്തുണ കൊണ്ടുവന്നുതരുകയില്ലെന്ന് അദ്ദേഹത്തിന് കഴിഞ്ഞ രണ്ടുവര്‍ഷത്തെ അനുഭവങ്ങളില്‍നിന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്ന ബിജെപി സര്‍ക്കാരിന് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞില്ല. അതില്‍ ഏറ്റവും കഠിനമായ തിരിച്ചടിയുണ്ടായത് ബിഹാറിലായിരുന്നു. ബിഹാറിലെ തിരിച്ചടി ഒരുകാര്യം ബിജെപി നേതൃത്വത്തിന് ബോധ്യമുണ്ടാക്കി: ഇന്ത്യ ഇന്നും ഒരു കാര്‍ഷിക രാജ്യമാണ്. ഗ്രാമീണ-കാര്‍ഷിക മേഖലകളില്‍ ശക്തമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഇല്ലാതെ ഒരു കാരണവശാലും ഒരു രാഷ്ട്രീയകക്ഷിക്കും ജനകീയ പിന്തുണ ഉറപ്പിക്കാനാവില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ ബിജെപി നല്‍കിയ പ്രതീക്ഷകള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ മങ്ങലേറ്റുകഴിഞ്ഞു എന്നതിന്റെ കൃത്യമായ സൂചനയായിരുന്നു അത്. ഈ വര്‍ഷം വരാനിരിക്കുന്ന മിക്കവാറും എല്ലാ സംസ്ഥാന തിരഞ്ഞെടുപ്പുകളിലും കാര്‍ഷികമേഖലയിലെ ജനങ്ങളുടെ നിലപാടുകള്‍ നിര്‍ണായകമായിരിക്കുകയും ചെയ്യും.
അതിനാല്‍ ഇത്തവണ ബജറ്റില്‍ ഏറ്റവും സുപ്രധാനമായ ഊന്നല്‍ നല്‍കപ്പെട്ടിരിക്കുന്നത് ഗ്രാമീണ-കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിനും തൊഴില്‍രംഗത്തെ കുതിപ്പിനും സഹായകരമാവുംവിധം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ്. ഇന്ത്യയിലെ കര്‍ഷകന്റെ വരുമാനം അടുത്ത അഞ്ചുവര്‍ഷത്തിനകം ഇരട്ടിയാക്കി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് അരുണ്‍ ജെയ്റ്റ്‌ലി ഈ മേഖലയിലെ ഇടപെടലുകള്‍ സംബന്ധിച്ച പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷമായി രാജ്യം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും മുഖ്യ പ്രശ്‌നം വരള്‍ച്ചയാണ്. വരള്‍ച്ച കാര്‍ഷികോല്‍പാദനത്തെ വലിയതോതില്‍ ബാധിച്ചിട്ടുണ്ട്. അതിനു തടയിടാന്‍ ജലസേചനരംഗത്ത് ഒരു വന്‍ കുതിച്ചുചാട്ടത്തിനുള്ള പശ്ചാത്തലം ഒരുക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിക്കുന്നത്. വളരെ വിപുലമായ ജലവിഭവ മാനേജ്‌മെന്റ് പദ്ധതികളാണ് ബജറ്റില്‍ ലക്ഷമിടുന്നത്.
ഗ്രാമീണമേഖലയിലെ അടിസ്ഥാന വികസന സൗകര്യമാണ് ഗൗരവമായ ശ്രദ്ധനേടിയെടുത്തിരിക്കുന്ന മറ്റൊരു രംഗം. റെയില്‍-റോഡ് ഗതാഗതമേഖലയില്‍ അടുത്ത ഒരുവര്‍ഷത്തിനകം 2.18 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടക്കുമെന്നാണ് ധനമന്ത്രി പ്രഖ്യാപിക്കുന്നത്. ഇതില്‍ വലിയൊരു പങ്ക് ഗ്രാമീണ സഡക് യോജന എന്ന ഗ്രാമതല ഗതാഗതപദ്ധതിയിലാണ് ചെലവഴിക്കപ്പെടുന്നത്. അത്തരം വിപുലമായ അടിസ്ഥാന സൗകര്യ വികസനം വന്‍തോതില്‍ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുമെന്നു തീര്‍ച്ചയാണ്. കാര്‍ഷികമേഖലയിലെ മുരടിപ്പു കാരണം ഗ്രാമീണ കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. ഈ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഗ്രാമീണമേഖലയിലെ അടിസ്ഥാന സൗകര്യ വികസന രംഗത്ത് നിക്ഷേപത്തിന്റെ കുതിച്ചുചാട്ടം തൊഴില്‍രംഗത്ത് വലിയൊരു ആശ്വാസമായി ഭവിക്കുമെന്ന് തീര്‍ച്ചയാണ്.
അതിനു സമാന്തരമായി ദേശീയ തൊഴിലുറപ്പു പദ്ധതിയിലും ഇത്തവണ വന്‍ നിക്ഷേപം നടത്താന്‍ ധനമന്ത്രി തയ്യാറായിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയോട് താരതമ്യേന നിഷേധാത്മകമായ നിലപാടാണ് നരേന്ദ്രമോദി സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. ഈ പദ്ധതി ഡോ. മന്‍മോഹന്‍സിങിന്റെ യുപിഎ ഭരണകൂടം ആവിഷ്‌കരിച്ചതാണ് എന്നതു തന്നെ ഒരു കാരണം. രണ്ടാമത്, തൊഴില്‍ദാനത്തിനപ്പുറം പണം അടിസ്ഥാന വികസനരംഗത്ത് ചെലവഴിച്ച് ദീര്‍ഘകാല നേട്ടങ്ങള്‍ ഉണ്ടാക്കണം എന്ന ഒരു കാഴ്ചപ്പാടും മോദി മന്ത്രിസഭ അംഗീകരിക്കുകയുണ്ടായി. അക്കാരണങ്ങളാല്‍ ഏതുതരത്തിലുള്ള തൊഴിലും നല്‍കി ഗ്രാമങ്ങളിലെ തൊഴിലില്ലാത്തവര്‍ക്ക് വരുമാനം എത്തിക്കുക എന്ന തൊഴില്‍ദാന പദ്ധതിയുടെ അടിസ്ഥാന നിലപാടിനോടും അവര്‍ക്ക് വിയോജിപ്പുണ്ടായിരുന്നു.
പക്ഷേ, ഗ്രാമീണനു വിശക്കുമ്പോള്‍ അന്നം വേണമെന്നും അതിന് അവനെ പ്രാപ്തനാക്കാന്‍ എന്തെങ്കിലും തുക കൂലിയായി അയാളുടെ കൈയിലെത്തണം എന്നുമുള്ള പ്രാഥമിക കാര്യം സര്‍ക്കാര്‍ മറന്നുപോയി. ബിജെപി നേതൃത്വത്തിന്റെ പൊതുവിലുള്ള നഗരകേന്ദ്രീകൃത, മേല്‍ജാതിയധിഷ്ഠിത ലോകവീക്ഷണവും കാഴ്ചപ്പാടുകളും അതിനു കാരണമായിരിക്കണം. ഗ്രാമീണ ഇന്ത്യയിലെ യാഥാര്‍ഥ്യങ്ങളെ വേണ്ടവിധം മനസ്സിലാക്കാതെ നിലപാടുകള്‍ സ്വീകരിച്ചതാണ് സമീപകാലത്തെ തിരിച്ചടികള്‍ക്കു കാരണം എന്ന് ഇപ്പോള്‍ അവര്‍ക്കു ബോധ്യപ്പെട്ടിട്ടുണ്ടെന്നു തോന്നുന്നു. കാരണം, ലാലു-നിതീഷ് സംഘം ബിഹാറിലും മമതാ ബാനര്‍ജി ബംഗാളിലും നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ രീതിയാണ് ഇപ്പോള്‍ അവര്‍ അവലംബിക്കുന്നത്. രണ്ടാം ലോകയുദ്ധത്തിനു മുമ്പ് 1930കളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് കെയിന്‍സ് പ്രഭുവും ഇതേ സാമ്പത്തികനയം തന്നെയാണ് ഉദ്‌ഘോഷിച്ചത്. വേണ്ടിവന്നാല്‍ കുഴികുത്തി അത് വീണ്ടും മൂടുന്ന തൊഴില്‍ നല്‍കിയെങ്കിലും പട്ടിണികിടക്കുന്നവന്റെ കീശയില്‍ പണമെത്തിക്കണം എന്നാണ് അക്കാലത്ത് കെയിന്‍സ് പ്രഭു സര്‍ക്കാരുകളെ ഉപദേശിച്ചത്.
അത്തരത്തിലുള്ള പുതിയ ഒരു സാമ്പത്തിക പരിപ്രേക്ഷ്യമാണ് അരുണ്‍ ജെയ്റ്റ്‌ലി ഇപ്പോള്‍ മുന്നോട്ടുവയ്ക്കുന്നത്. ''നിലവിലുള്ള ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളെ നേരിടാനുള്ള ഫലപ്രദമായ ഒരു പദ്ധതിയാണ്'' തന്റെ ബജറ്റ് എന്ന് അദ്ദേഹം പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചതും അതുകൊണ്ടുതന്നെ. 'ഇന്ത്യ തിളങ്ങുന്നു' എന്ന 2004ലെ തിരഞ്ഞെടുപ്പുകാലത്തെ മുദ്രാവാക്യം എങ്ങനെയാണ് തങ്ങള്‍ക്കു തന്നെ തിരിച്ചടിയായത് എന്ന് പിന്നീട് അവര്‍ മനസ്സിലാക്കിയതാണ്. നഗരങ്ങളിലെ നക്ഷത്രാങ്കിതമായ കെട്ടിടങ്ങളും ഐടി പോലുള്ള മേഖലകളിലെ വികസനവും ഇന്ത്യയെപ്പോലെ അതിബൃഹത്തായ രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്രയൊന്നും പ്രസക്തമല്ല. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ആശ്വാസം എത്തിക്കലാണ് പ്രധാനം. അതുമാത്രമാണ് ജനപിന്തുണ തിരിച്ചുപിടിക്കാനുള്ള വഴി എന്ന് മോദിയും തിരിച്ചറിഞ്ഞു എന്നതിന്റെ പ്രഖ്യാപനമാണ് ബജറ്റിലെ പൊതുസമീപനം എന്നു തീര്‍ച്ച.
Next Story

RELATED STORIES

Share it