kannur local

തിരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ലക്ഷം കുട്ടികള്‍

കണ്ണൂര്‍: 'ഹരിത ഇലക്ഷന്‍, ശുചിത്വ ഇലക്ഷന്‍' എന്ന സന്ദേശവുമായി ഇന്ന് ജില്ലയിലെ വിവിധ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ലക്ഷം വിദ്യാര്‍ഥികള്‍ പങ്കെടുക്കുന്ന കൂട്ടയോട്ടം സംഘടിപ്പിക്കും. 28നു വിവിധ സ്ഥലങ്ങളില്‍ ഫഌഷ് മോബും സംഘടിപ്പിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ജില്ലാതല കൂട്ടയോട്ടം ഇന്ന് രാവിലെ 10നു മുനിസിപ്പല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് നടക്കും. ജില്ലാ കലക്ടര്‍, സബ് കലക്ടര്‍ തുടങ്ങിയവരും വിദ്യാര്‍ഥികള്‍ക്കൊപ്പം കൂട്ടയോട്ടത്തില്‍ അണിചേരും. തദ്ദേശ തിരഞ്ഞെടുപ്പ് ഹരിത പ്രോട്ടോകോള്‍ പ്രകാരം നടത്തുന്നതിലൂടെ ഇന്ത്യയ്ക്കു തന്നെ കണ്ണൂര്‍ മാതൃകയാവുകയാവുകയാണെന്നു ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ പിആര്‍ ചേംബറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ അറിയിച്ചു.
മാലിന്യ രഹിതമായി തിരഞ്ഞെടുപ്പ് നടത്തുകയെന്ന ശ്രമകരമായ ദൗത്യമാണ് ജില്ലാ ഭരണകൂടവും ശുചിത്വമിഷനും ഏറ്റെടുത്തിരിക്കുന്നത്. ഇതിനായി എല്ലാ ബൂത്തുകളിലും രണ്ടുവീതം ഹരിത സേനാംഗങ്ങളെ നിയോഗിക്കും. 5000 ഹൈസ്‌കൂള്‍, പ്ലസ്ടു വിദ്യാര്‍ഥികളെയാണ് ഹരിതസേനാംഗങ്ങളായി തിരഞ്ഞെടുത്തിട്ടുള്ളത്. ദേശീയ സമ്പാദ്യപദ്ധതി ഏജന്റുമാരെയും ഇതിനായി ഉപയോഗിക്കും. ഇവര്‍ക്ക് പ്രേത്യക പരിശീലനം നല്‍കിവരുന്നു. ബൂത്തുകളില്‍ നിയോഗിക്കുന്ന ഹരിതസേനാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളും. ഇതിനായി പോലിസിന് പ്രതേ്യക നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ബൂത്തുകളില്‍ പ്ലാസ്റ്റിക് വസ്തുക്കളും കടലാസ് പ്ലേറ്റുകളും ഗ്ലാസുകളും മറ്റും പൂര്‍ണമായി ഒഴിവാക്കും. രാഷ്ട്രീയ പാര്‍ട്ടികളോടും ഇങ്ങനെ ചെയ്യണമെന്നു അഭ്യര്‍ഥിച്ചിട്ടുണ്ട്. പ്രചാരണത്തിനായി സ്ഥാപിച്ച ഫഌക്‌സ് ബോര്‍ഡുകളും മറ്റ് സാമഗ്രികളും വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഉടന്‍തന്നെ ബന്ധപ്പെട്ട പാര്‍ട്ടികളും സ്ഥാനാര്‍ഥികളും നീക്കം ചെയ്യണം. തദ്ദേശ സ്ഥാപനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതല മാലിന്യനിര്‍മാര്‍ജ്ജനമാണ്. അതിനാല്‍ സ്ഥാനാര്‍ഥികള്‍ക്കും പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ പ്രതേ്യക കടമയുണ്ട്. ഈ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടികളും ജനങ്ങളും സഹകരിക്കണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ ശുചിത്വമിഷന്‍ കോ-ഓഡിനേറ്റര്‍ വി സുദേശന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it