kannur local

തിരഞ്ഞെടുപ്പ് സുരക്ഷ: കണ്ണൂരില്‍ ആറു കമ്പനി കേന്ദ്രസേനയെത്തി

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണം കത്തിനില്‍ക്കെ ജില്ലയിലെ പോളിങ് സമാധാനപരമാക്കാന്‍ കേന്ദ്രസേനയെത്തി. ആറു കമ്പനി കേന്ദ്രസേനയാണ് ഇന്നലെ ജില്ലയിലെത്തിയത്. തളിപ്പറമ്പില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ചും നടത്തി. 15 കമ്പനി കേന്ദ്രസേനയാണ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷയ്ക്കായി ജില്ലയിലെത്തിക്കാന്‍ ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കൂടുതല്‍ സേന വേണമെന്ന ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം അനുസരിച്ച് 20 കമ്പനിയെ അയക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ജില്ലയില്‍ ആകെ 1629 ബൂത്തുകളാണുള്ളത്. ഇതില്‍ മൂന്നില്‍ രണ്ട് ബൂത്തുകളിലും കേന്ദ്രസേനയുടെ സുരക്ഷാ ക്രമീകരണം ഉണ്ടാകും. സംസ്ഥാനത്ത് ഏറ്റവുമധികം പ്രശ്‌ന സാധ്യതയുള്ള ബൂത്തുകള്‍ കണ്ണൂരിലും കാസര്‍കോട്ടുമാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ കേന്ദ്രസേനയെയും ജില്ലയിലെ വിവിധ ബൂത്തുകളില്‍ വിന്യസിക്കും.
14 ബൂത്തുകളില്‍ മാവോവാദി ഭീഷണിയുണ്ട്. കൂടാതെ, ബൂത്തുകളില്‍ അത്യാവശ്യ അടിസ്ഥാന സൗകര്യവും ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അംഗപരിമിതര്‍ക്ക് തടസ്സമില്ലാതെ ബൂത്തില്‍ കയറാനായി റാംപ്, കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം എന്നിവ എല്ലാ ബൂത്തുകളിലും ഒരുക്കും. റാംപില്ലാത്ത 620 ബൂത്തുകളില്‍ 430 ബൂത്തില്‍ പുതുതായി റാംപ് നിര്‍മിച്ചു. ബാക്കിയുള്ളവയില്‍ പോളിങിന് മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണവും അത്യാവശ്യ സാധനങ്ങളടങ്ങിയ കിറ്റും നല്‍കാനും ആലോചനയുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
സുരക്ഷയുടെ ഭാഗമായിഇക്കഴിഞ്ഞ ഏപ്രില്‍ 23 വൈകീട്ട് 6 മുതല്‍ ജില്ലാ കലക്ടറേറ്റ് പരിസരത്ത് നിരോധനാജ്ഞ നടപ്പാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതുവരെ നിരോധന ഉത്തരവ് നിലനില്‍ക്കും.
കൂത്തുപറമ്പ്: തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രസേന കൂത്തുപറമ്പിലും റൂട്ട് മാര്‍ച്ച് നടത്തി. പ്രശ്‌ന ബാധിത ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി 85 പേരടങ്ങുന്ന രണ്ട് കമ്പനി സേനയെയാണ് കൂത്തുപറമ്പിലിറക്കിയത്.
ഇവരെ പങ്കെടുപ്പിച്ചാണ് പോലിസിന്റെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ച് നടത്തിയത്.
Next Story

RELATED STORIES

Share it