Idukki local

തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ഓണ്‍ലൈന്‍ സേവനങ്ങളും വെബ്കാസ്റ്റിങ് സംവിധാനവും

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് ഐടി മിഷന്‍ നിരവധി ഓണ്‍ലൈന്‍ സേവനങ്ങള്‍ ആവിഷ്‌കരിച്ചു.
ഇ-വോട്ടര്‍ കേരള
വോട്ടര്‍മാരുടെ ബൂത്ത് വിവരം മുതല്‍ സ്ഥാനാര്‍ഥികളുടെ ആസ്തി വിവരം വരെ ഇതു വഴി ലഭിക്കും. ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്ന ഏതൊരു വ്യക്തിക്കും ഇത് പ്ലേ സ്‌റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഇതുവഴി നല്‍കാം.
ഇ-സമ്മതി
പോളിങ് പ്രക്രിയ തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ജില്ലാതലത്തിലും സംസ്ഥാനത്തിലും നിരീക്ഷിച്ച് പോളിങ് പ്രവര്‍ത്തനം സുഗമമാക്കാന്‍ ഇതു വഴി സാധിക്കും. പോളിങ് ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ക്കു വേണ്ടിയാണ് ഇത് രൂപപ്പെടുത്തിയത്. പോളിങിന് തലേദിവസം ജീവനക്കാര്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഡിസ്ട്രിബ്യൂഷന്‍ സെന്ററില്‍ നിന്നും സ്വീകരിക്കുന്നത് മുതല്‍ പോളിങ് കഴിഞ്ഞ് കലക്ഷന്‍ സെന്ററില്‍ എത്തിച്ച് സീല്‍ ചെയ്യുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിലെ കാര്യങ്ങള്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂമില്‍ ലഭ്യമാവും.
ഇ-അനുമതി
തൊടുപുഴ: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ലഭ്യമാകേണ്ട അനുമതികള്‍ ഇ-അനുമതി വഴി ഓണ്‍ലൈനായി സമര്‍പ്പിക്കാം. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പ്പാര്‍ട്ടികള്‍ക്കും മല്‍സരാര്‍ഥികള്‍ക്കും ഉച്ചഭാഷിണി ഉപയോഗിച്ച് പൊതുയോഗമോ ജാഥയോ നടത്തുക, പ്രചാരണത്തിന് വാഹനം ഉപയോഗിക്കുക, വാഹനത്തില്‍ ഉച്ചഭാഷിണി ഉപയോഗിച്ച് പ്രചാരണം നടത്തുക, വേദിയും കമാനവും നിര്‍മിക്കുക എന്നിവയ്ക്കുള്ള അനുമതി ഇതുവഴി നേടാം.
ഇ-പരിഹാരം
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ നല്‍കുവാനും സമയബന്ധിതമായി പരിഹരിക്കാനുമുള്ള ഓണ്‍ലൈന്‍ സൗകര്യമാണ് ഇതു വഴി നല്‍കുന്നത്. പരാതികള്‍ സമര്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉപയോഗിച്ച് പരാതിയുടെ സ്റ്റാറ്റസ് അറിയാം. പരിഹരിച്ച് കഴിഞ്ഞാല്‍ മൊബൈല്‍ വഴി സന്ദേശം ലഭിക്കും.
ഇ-വാഹനം
തിരഞ്ഞെടുപ്പില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന സര്‍ക്കാര്‍/ സര്‍ക്കാരിതര വാഹനങ്ങളുടെ അനുമതിയും അതുപോലെതന്നെ ഇത്തരം വാഹനങ്ങളുടെ നിരീക്ഷണത്തിനും ഇ-വാഹനം എന്ന ഓണ്‍ലൈന്‍ സംവിധാനം വളരെ ഫലപ്രദമാണ്.
ജില്ലയിലെ തിരഞ്ഞെടുത്ത ബൂത്തുകളില്‍ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെബ്കാസ്റ്റിങ് സംവിധാനം ഏര്‍പ്പെടുത്തി. ബിഎസ്എന്‍ എല്‍, കെഎസ്ഇബി, ജില്ലാഭരണകൂടം എന്നിവരുടെ സഹായത്തോടെ അക്ഷയ ആണ് വെബ്കാസ്റ്റിങ് ജോലികള്‍ നിര്‍വഹിക്കുന്നത്.
വെബ്കാസ്റ്റിങ് ഏര്‍പ്പെടുത്തിയിരിക്കുന്ന പോളിങ് സ്‌റ്റേഷനുകളിലെ തല്‍സമയ ദൃശ്യങ്ങള്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം, ഇലക്ഷന്‍ കമ്മീഷന്‍, സ്‌റ്റേറ്റ് ലെവല്‍ കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളില്‍ കാണാനാകും. വെബ്കാസ്റ്റിങിന് ആവശ്യമായ ജില്ലാതല കണ്‍ട്രോള്‍ റൂം രൂപീകരിക്കുന്നത് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി.
Next Story

RELATED STORIES

Share it