kozhikode local

തിരഞ്ഞെടുപ്പ് സംഘര്‍ഷം; 50ഓളം പേര്‍ ആശുപത്രിയില്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ സിപിഎം-ബിജെപി സംഘര്‍ഷത്തില്‍ പരിക്കേറ്റ് 50ഓളം പേരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാദാപുരം, പേരാമ്പ്ര, കല്ലായി, കുറ്റിയില്‍ത്താഴം, മാങ്കാവ് എന്നിവിടങ്ങളില്‍ നിന്നാണ് ഇവര്‍ പരുക്കേറ്റ് എത്തിയത്.
ഇയ്യങ്കോട് നെടിയാണ്ടി ലിബേഷിനെ (24) വെട്ടേറ്റ പരിക്കുകളോടെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ ഇയ്യങ്കോട് വായനശാല പരിസരത്ത് ഒതയോത്ത് മുക്കില്‍ വച്ചാണ് ഇയാള്‍ക്ക് വെട്ടേറ്റത്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം അറിയിച്ചു. ലിബേഷിന്റെ തലക്ക് സാരമായ വെട്ടേറ്റിട്ടുണ്ട്.
വളയം ചേണിണ്ടി അരുണ്‍(19), ആലശ്ശേരികണ്ടി വിഷ്ണു(20) എന്നീ സിപിഎമ്മുകാര്‍ക്ക് ജാതിയേരി വച്ച് ബൈക്കില്‍ സഞ്ചരിക്കവെ മര്‍ദ്ദനമേറ്റു. പാറക്കടവ് ഉമ്മത്തൂര്‍ റോഡില്‍ സിപിഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
തണ്ണീര്‍പന്തലിനടുത്ത് സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ മര്‍ദ്ദിച്ചതായി പരാതിയുണ്ട്. തൂണേരി കുഞ്ഞിപ്പുരമുക്കില്‍ അഞ്ച് ബൈക്കുകള്‍ അക്രമി സംഘം അടിച്ച് തകര്‍ത്തു. കണ്ണൂര്‍ ജില്ലയില്‍ നിന്നെത്തിയ മോട്ടോര്‍ ബൈക്കുകളാണ് അടിച്ച് തകര്‍ത്തത്. വാണിമേല്‍ പാലം പരിസരത്ത് തെക്കത്ത് കണ്ടി കുഞ്ഞമ്മദിന്റെ വീടിന് നേരെ കല്ലേറുണ്ടായി.
വീടിന്റെ മുന്‍ഭാഗത്തെ ജനല്‍ ഗ്ലാസ് തകര്‍ന്നിട്ടുണ്ട്. വളയം ചെറുമോത്ത് പളളിമുക്കില്‍ കല്ലേറില്‍ ഒരു സ്ത്രീക്ക് പരുക്കേറ്റു.
ആവലാതീന്റവിട ബീമുളളതില്‍ ശോഭയ്ക്കാണ് (49) കല്ലേറില്‍ പരിക്കേറ്റത്. അമ്പലകുളങ്ങരവെച്ചുണ്ടായ ബോംബേറില്‍ തെരുവന്‍പറമ്പിലെ ചാത്തോത്ത് പ്രശാന്ത്(28) വിഷ്ണുമംഗലം സ്വദേശി വലിയപറമ്പത്ത് ബാബു(40),കുമ്മങ്കോട് സ്വദേശി ആശാരിക്കണ്ടിയില്‍ അജിത്ത് (23) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരെയും മെഡിക്കല്‍ കോളജില്‍ എത്തിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it