തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; അങ്കത്തട്ടില്‍ പോര് മുറുകും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങുന്നതോടെ അങ്കത്തട്ടില്‍ പോര് മുറുകും. വിജ്ഞാപനം വരുന്നതുമുതല്‍ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം.
ഏപ്രില്‍ 29 വരെയാണ് പത്രിക നല്‍കാനുള്ള സമയപരിധി. നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ഏപ്രില്‍ 30നാണ്. മെയ് രണ്ടുവരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാവും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള അവസരം കഴിഞ്ഞതോടെ 10 ലക്ഷത്തിലധികം പുതിയ അപേക്ഷകരുണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്ക്.
കൊടുംചൂടിനെ വകവയ്ക്കാതെയാണ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഴുകിയിരിക്കുന്നത്. വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. എസ്ഡിപിഐ-എസ്പി സഖ്യസ്ഥാനാര്‍ഥികളും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വ്യക്തമായ സാന്നിധ്യം ഉറപ്പിച്ചുകഴിഞ്ഞു. പ്രകടനപത്രിക പുറത്തിറക്കി എല്‍ഡിഎഫും യുഡിഎഫും തിരഞ്ഞെടുപ്പിന് സര്‍വസജ്ജരായിക്കഴിഞ്ഞു. വന്‍വാഗ്ദാനങ്ങളാണ് ഇരുമുന്നണികളും ജനങ്ങള്‍ക്ക് മുന്നില്‍വച്ചിരിക്കുന്നത്. വന്‍കിട പദ്ധതികള്‍ മുതല്‍ കാര്‍ഷികമേഖലയുടെ പുനരുദ്ധാരണംവരെ നിര്‍ദേശങ്ങളായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രചാരണ രംഗത്തെ പ്രഫഷനലിസം പ്രകടനപത്രികയിലും പ്രതിഫലിക്കുന്നു. സാങ്കേതികമേഖലയിലൂന്നിയ വികസനമാണ് ഇരുമുന്നണികളും മുന്നോട്ടുവയ്ക്കുന്നത്. മദ്യനയം തിരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാവിഷയമാക്കി ഉയര്‍ത്തിക്കൊണ്ടുവരികയായിരുന്നു യുഡിഎഫിന്റെ തന്ത്രം. സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമിട്ടുള്ള മദ്യനയം ആയുധമാക്കിയ യുഡിഎഫ്, എല്‍ഡിഎഫിനോട് ഇക്കാര്യത്തിലെ നിലപാട് വ്യക്തമാക്കാന്‍ പരസ്യമായി വെല്ലുവിളിച്ചു. എന്നാല്‍, സമ്പൂര്‍ണ മദ്യനിരോധനത്തില്‍ തൊടാതെ മദ്യവര്‍ജനമാണ് എല്‍ഡിഎഫിന്റെ നയമെന്ന് അവര്‍ പ്രഖ്യാപിച്ചു.
അതേസമയം, സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമിടുന്ന യുഡിഎഫിന് പഞ്ചനക്ഷത്ര ബാറുകള്‍ക്ക് നല്‍കിയ അനുമതി തിരിച്ചടിയായി. ഇന്നലെ ചേര്‍ന്ന യുഡിഎഫ് യോഗം ഈ സര്‍ക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര ലൈസന്‍സ് അനുവദിക്കില്ലെന്നും ലൈസന്‍സിന് കൂടുതല്‍ നിയന്ത്രണമേര്‍പ്പെടുത്തുമെന്നും തീരുമാനിച്ചിരിക്കുകയാണ്. വി എസ് അച്യുതാനന്ദനെതിരായ അച്ചടക്കനടപടിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ ഇന്നലെ നടത്തിയ പ്രതികരണവും തിരഞ്ഞെടുപ്പ് ഗോദയില്‍ സജീവ ചര്‍ച്ചയാവുകയാണ്.
Next Story

RELATED STORIES

Share it