Alappuzha local

തിരഞ്ഞെടുപ്പ്; വടംവലി മല്‍സരം ഇന്ന്: 44,707 ബോര്‍ഡുകളും പോസ്റ്ററുകളും നീക്കി

ആലപ്പുഴ: മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച 44,707 ബോര്‍ഡുകളും ബാനറുകളും പോസ്റ്ററുകളും നീക്കിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ ആര്‍ ഗിരിജ അറിയിച്ചു.
അനധികൃതമായി കണ്ടെത്തിയ 189 ചുവരെഴുത്തുകള്‍ മായിച്ചു. 32,727 പോസ്റ്ററുകളും 4,836 ബാനറുകളും 6,955 ബോര്‍ഡുകളും കൊടികളും നീക്കം ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരും.
അതേസമയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇന്ന് ആലപ്പുഴയില്‍ വടംവലി നടക്കും. തിരഞ്ഞെടുപ്പു ബോധവല്‍കരണ പ്രവര്‍ത്തനങ്ങളുടെ(സ്വീപ്) ഭാഗമായാണ് ആലപ്പുഴയില്‍ വൈകീട്ട് മൂന്നിടങ്ങളില്‍ വടംവലി സംഘടിപ്പിക്കുന്നത്. ആലപ്പുഴ സിവില്‍സ്റ്റേഷന്‍ അങ്കണത്തില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന വടംവലി മല്‍സരത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാപഞ്ചായത്ത് ഓഫിസിലെ ജീവനക്കാരും ഏറ്റുമുട്ടും.
വൈകീട്ട് നാലിന് ആലപ്പുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ നടക്കുന്ന വടംവലി മല്‍സരത്തില്‍ ബസ് ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും തമ്മിലേറ്റുമുട്ടും. വൈകീട്ട് 5.30 ന് ആലപ്പുഴ ബീച്ചില്‍ അഗ്നിശമനസേനാംഗങ്ങളും എക്‌സൈസ് ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടും.
തിരഞ്ഞെടുപ്പ് ബോധവല്‍കരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വോട്ടര്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചു.
Next Story

RELATED STORIES

Share it