Kollam

തിരഞ്ഞെടുപ്പ് രംഗം സജീവം: വിമത സ്ഥാനാര്‍ഥികളുടെ ഭീഷണിയില്‍ മുന്നണികള്‍

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വിധിയേഴുത്തിന് ഇനി 15 ദിവസം. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ പല വാര്‍ഡുകളിലും മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വിമതര്‍ ഭീഷണിയായുണ്ട്. കൊല്ലം കോര്‍പറേഷനില്‍ അഞ്ചിടത്താണ് യുഡിഎഫിന് വിമത ഭീഷണിയുള്ളത്.

കൊല്ലം കോര്‍പറേഷനില്‍ യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിക്ക് പോലും വിമത ഭീഷണി നിലനില്‍ക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ഥി എ കെ ഹഫീസിനെതിരേ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ എ റഹീമിന്റെ മകന്‍ അന്‍സര്‍ റഹിം ആണ് മല്‍സരിക്കുന്നത്. കച്ചേരി ഡിവിഷനില്‍ മഹിളാ കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷയും യു.ഡി.എഫ്. സ്ഥാനാര്‍ഥിയുമായ കൃഷ്ണവേണി ജി ശര്‍മയ്‌ക്കെതിരേ സത്യ ഉണ്ണികൃഷ്ണന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നുണ്ട്. പട്ടത്താനത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയലക്ഷ്മിക്കെതിരേ ജി വിനീത സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നു. കാവനാട് ഡിവിഷനില്‍ നിലവിലെ കൗണ്‍സിലര്‍ വിമലഫിലിപ്പും ഭരണിക്കാവ് ഡിവിഷനില്‍ ആരിഫും യുഡിഎഫ് വിമതരായ മല്‍സര രംഗത്തുണ്ട്.

കൊല്ലം കോര്‍പറേഷനിലേക്കു കൂട്ടിച്ചേര്‍ക്കപ്പെട്ട തൃക്കടവൂര്‍ പഞ്ചായത്തിലുള്‍പ്പെട്ട മതിലില്‍ ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. സിപിഎമ്മും സിപിഐയും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതു കൂടാതെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യ സ്വതന്ത്ര സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്. എല്‍ഡിഎഫ് ധാരണ പ്രകാരം സീറ്റ് ആര്‍എസ്പി(എം)നു വിട്ടുകൊടുത്തിരുന്നെങ്കിലും മറ്റു സീറ്റുകളെ ചൊല്ലി മുന്നണി ജില്ലാ നേതൃത്വവുമായി തര്‍ക്കമായതോടെ ആര്‍എസ്പി(എം)നു സീറ്റു നല്‍കിയില്ല. തുടര്‍ന്നു സിപിഎം മതിലില്‍ ഡിവിഷനിലേക്ക് കോണ്‍ഗ്രസിന്റെ വാര്‍ഡ് അംഗമായിരുന്ന ശോഭ ആന്റണിയെ എല്‍ഡിഎഫ് സ്വതന്ത്രയായി പ്രഖ്യാപിച്ചു. ഇതിനു പിന്നാലെ സിപിഐ ലോക്കല്‍ കമ്മിറ്റി അംഗം പി ടി മില്‍ട്ടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.

സിപിഎം തൃക്കടവൂര്‍ ഈസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായ ശ്രീകുമാറിന്റെ ഭാര്യയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തുള്ളത്.നിലമേല്‍ ഗ്രാമപ്പഞ്ചായത്തില്‍ യുഡിഎഫിന് മുന്നിടത്തും എല്‍ഡിഎഫിന് ഒരിടത്തുമാണ് റിബല്‍ ശല്യം. നിലമേല്‍ കോളജ് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശ്രീലതയ്‌ക്കെതിരേ കോണ്‍ഗ്രസ് നേതാവും പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ വി ശ്യാമളകുമാരി അമ്മയാണ് മല്‍സരിക്കുന്നത്. നിലമേല്‍ പഞ്ചായത്ത് ഭരണ സമിതിക്കെതിരെയുള്ള പ്രതിഷേധസൂചകമായാണ് ശ്യാമളകുമാരി അമ്മ മല്‍സരരംഗത്തുള്ളത്. ബംഗ്ലാംകുന്ന് വാര്‍ഡില്‍ കോണ്‍ഗ്രസ്, സി.പി.എം. സ്ഥാനാര്‍ഥികള്‍ക്കെതിരേ ഇരു പാര്‍ട്ടികളിലുംപ്പെട്ടവര്‍ റിബലായി മല്‍സരിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിലെ എ മുഹമ്മദ് കുഞ്ഞിന് ഭീഷണിയായി കോണ്‍ഗ്രസ് മുന്‍ ബ്ലോക്ക് സെക്രട്ടറി പുതുവലില്‍ ബദറുദ്ദീനും സി.പി.എമ്മിലെ എ എ ജലീലിന് ഭീഷണി ഉയര്‍ത്തി സിപിഎം പ്രവര്‍ത്തകനായ അനിലും മല്‍സരരംഗത്ത് സജീവമായി. എലിക്കുന്നാംമുകള്‍ വാര്‍ഡില്‍ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാനായ കോണത്ത് അബ്ദുല്‍ സലാം റിബലായി മല്‍സരിക്കുന്നത് കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് വെല്ലുവിളിയാണ്.

അബ്ദുല്‍ ഹക്കിമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ചവറ ബ്ലോക്ക് പഞ്ചായത്തംഗം ജോളിക്കുട്ടി ആറാടന്‍ സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍നിന്ന് രാജിവച്ച് സ്വതന്ത്ര സ്ഥാനാര്‍ഥിയായി ബ്ലോക്ക് പഞ്ചായത്തിലേക്ക് മല്‍സരിക്കുന്നു. നിലവില്‍ ചവറ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സനാണ് ഇവര്‍. തെന്‍മല പഞ്ചായത്തില്‍ കഴിഞ്ഞതവണ വിമതസ്ഥാനാര്‍ഥിയായി മല്‍സരിച്ച് കോണ്‍ഗ്രസ്സിനെ പരാജയപ്പെടുത്തിയ ആള്‍ക്ക് ഇത്തവണ കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനെതിരേ പ്രതിഷേധമുണ്ട്. തെന്മല പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സലിമിനെതിരേ പുനലൂര്‍ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇടമണ്‍ മുഹമ്മദ് ഖാന്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി.

പടിഞ്ഞാറേകല്ലട, കുന്നത്തൂര്‍, മൈനാഗപ്പള്ളി തുടങ്ങിയ പഞ്ചായത്തുകളില്‍ മുന്നണികള്‍ക്ക് റിബല്‍ ശല്യമുണ്ട്. സീറ്റ് ധാരണ തെറ്റിയതിനെ തുടര്‍ന്ന് പോരുവഴി പഞ്ചായത്തില്‍ ആര്‍എസ്പി എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് നിരുപാധിക പിന്തുണ നല്‍കാനാണ് കഴിഞ്ഞദിവസം ചേര്‍ന്ന ലോക്കല്‍ കമ്മിറ്റി യോഗം തീരുമാനിച്ചത്. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ധാരണപ്രകാരം പോരുവഴി ചാങ്ങയില്‍ക്കാവ് ഒമ്പതാം വാര്‍ഡ് ആര്‍എസ്പിക്ക് നല്‍കിയിരുന്നതായി ലോക്കല്‍ കമ്മിറ്റി നേതൃത്വം പറയുന്നു. എന്നാല്‍ യുഡിഎഫ്. സ്വതന്ത്ര സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നിര്‍ബന്ധം പിടിച്ചതായും പകരം സീറ്റ് ആവശ്യപ്പെട്ടെങ്കിലും യുഡിഎഫ് നേതൃത്വം അതിന് തയ്യാറായില്ലെന്നും പറയുന്നു. ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കോണ്‍ഗ്രസ് തയ്യാറായില്ല.

ഈ സാഹചര്യത്തിലാണ് എല്ലാ വാര്‍ഡുകളിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചത്. പടിഞ്ഞാറേകല്ലട പഞ്ചായത്തില്‍ ഉള്ളുരുപ്പ് ഒമ്പതാം വാര്‍ഡില്‍ കഴിഞ്ഞ എഡിഎസ് തിരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിച്ചു ജയിച്ച ഷാജ കൈപ്പത്തി ചിഹ്നത്തില്‍ ഇത്തവണ മല്‍സരിക്കുന്നു. ഇതില്‍ പ്രതിഷേധിച്ചു കെപിസിസി പ്രസിഡന്റിനു പരാതി നല്‍കിയ മുന്‍ വാര്‍ഡ് പ്രസിഡന്റ് ഗോപിനാഥന്‍ മകള്‍ പ്രദീതയെ റിബലായി നിര്‍ത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസിനു നേരത്തേ നല്‍കിയ വാര്‍ഡ് മുസ്‌ലിം ലീഗിനു നല്‍കിയതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് ഗിരീഷ്‌കുമാര്‍ മല്‍സരിക്കുന്നു. മൈനാഗപ്പള്ളി ഒന്നാം വാര്‍ഡില്‍ മുന്‍ പ്രസിഡന്റ് കോണ്‍ഗ്രസിലെ ഫാത്തിമാ ബീവിക്കു റിബലായി സീനത്തുബീവിയുണ്ട്. എ ഗ്രൂപ്പ് ഭിന്നതയിലാണിവിടെ ബന്ധുവിന്റെ തന്നെ റിബല്‍ വന്നതെന്നു പറയുന്നു. പത്താം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ പ്രസന്നകുമാറിനു റിബലായി പഞ്ചായത്ത് യൂത്ത് കോര്‍ഡിനേറ്റര്‍ യൂത്ത് കോണ്‍ഗ്രസിലെ നവാസ് മല്‍സരിക്കുന്നു. നാലാം വാര്‍ഡില്‍ കോണ്‍ഗ്രസിന്റെ രാജേന്ദ്രന്‍ പിള്ളയ്ക്കു ബദലായി ആര്‍എസ്പിയിലെ രഘുനാഥന്‍ പിള്ള മല്‍സരിക്കുന്നുണ്ട്. വേങ്ങ ഒന്‍പതാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി കെ രാധാകൃഷ്ണപിള്ളയ്ക്കു ഭീഷണിയായി മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം ഹമീദ്കുഞ്ഞ് രംഗത്തുണ്ട്. രാധാകൃഷ്ണനാണു കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി.അഞ്ചാം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജമുനയ്ക്കു റിബലായി കോണ്‍ഗ്രസിലെ തന്നെ ശോഭനയുണ്ട്.

കാരാളിമുക്ക് വാര്‍ഡ് എസ്.സി. ആയിട്ടുപോലും തനിക്കു സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചു മുന്‍ എംഎല്‍എ കോട്ടക്കുഴി സുകുമാരന്റെ മകന്‍ ദിനകര്‍ കോട്ടക്കുഴി റിബലായി മല്‍സരിക്കുന്നുണ്ട്.  ഇളമാട് പഞ്ചായത്തിലെ പാറംകോട് വാര്‍ഡില്‍ സിപിഐ സ്ഥാനാര്‍ഥിക്ക് എതിരെ സിപിഎം വിമതന്‍ മല്‍സര രംഗത്തുണ്ട്. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവും എല്‍ഡിഎഫ് ഭരിക്കുന്ന ഇളമാട് സര്‍വീസ് സഹകരണ ബാങ്കിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് അംഗവുമായ ശിവശങ്കരപ്പിള്ളയാണു സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിക്കുന്നത്. ചടയമംഗലം ബ്ലോക്കില്‍ അമ്പലംകുന്ന് ഡിവിഷനില്‍ യുഡിഎഫ് കക്ഷികളായ കോണ്‍ഗ്രസും മുസ്‌ലിം ലീഗും സൗഹൃദ മല്‍സരത്തിലാണ്. യുഡിഎഫില്‍ അമ്പലംകുന്ന് ഡിവിഷന്‍ മുസ്‌ലിം ലീഗിനു നല്‍കാമെന്നു ധാരണയായെന്നും അതനുസരിച്ച് ഇളമാട് പഞ്ചായത്തിലെ വാര്‍ഡംഗമായ ഐ മുഹമ്മദ് റഷീദ് കോണി ചിഹ്നത്തില്‍ മല്‍സരിക്കാന്‍ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു. എന്നാല്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സീറ്റ് ആയതിനാല്‍ വിട്ടുകൊടുക്കാന്‍ തയാറാകാതെ കോണ്‍ഗ്രസിനു തന്നെ വേണമെന്നു പ്രാദേശിക ഘടകങ്ങളും ജില്ലാ കമ്മിറ്റിയും വാശിപിടിച്ചതോടെ ഇരു കക്ഷികളും സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.കോണ്‍ഗ്രസിനു വേണ്ടി ചടയമംഗലം ബ്ലോക്ക് സെക്രട്ടറി സജീവനെയാണു മല്‍സര രംഗത്തിറക്കിയിരിക്കുന്നത്. ചാത്തന്നൂര്‍ പഞ്ചായത്തിലെ വരിഞ്ഞം വയലിക്കട വാര്‍ഡിലും പൂയപ്പള്ളി പഞ്ചായത്തിലെ പയ്യക്കോട് വാര്‍ഡിലും കോണ്‍ഗ്രസിനു റിബല്‍ ശല്യമുണ്ട്. വയലിക്കട വാര്‍ഡില്‍ രമ്യാറാണി ആര്‍ ബിജുവാണ് ഔദ്യോാഗിക സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് വയലിക്കട ബൂത്ത് പ്രസിഡന്റ് ശശിയുടെ ഭാര്യ അംബികയാണു റിബലായി രംഗത്തുള്ളത്. കൂടാതെ മുസ്‌ലിം ലീഗിന്റെ ദീപ രതീഷും മല്‍സരിക്കുന്നു.
Next Story

RELATED STORIES

Share it